107 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ധാരണയായി എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിയെന്നും യുഎസ് പ്രസിഡൻ്റ് അറിയിച്ചു. കരാർ ജൂൺ 19ന് സ്വിറ്റ്സർലൻഡിൽ ഔപചാരികമായി ഒപ്പുവെക്കുമെന്നാണ് വിവരം.
ലോക എണ്ണവിതരണത്തിൻ്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന നിർണായക സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി. കരാറിൻ്റെ ഭാഗമായി ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധവും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രഖ്യാപനത്തെ തുടർന്ന് ആഗോള ഊർജ വിപണിയിലെ ആശങ്കകൾക്ക് ആശ്വാസമായിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതോടെ എണ്ണവിതരണം സുഗമമാകുകയും മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് ശമനമുണ്ടാകുമെന്ന പ്രതീക്ഷയും ശക്തമായിട്ടുണ്ട്.





