മഹാരാഷ്ട്രയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണവും ലഹരിവിമുക്തിയും സംബന്ധിച്ച പാഠങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തിങ്കളാഴ്ച സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ അവലോകന യോഗത്തിന് അധ്യക്ഷത വഹിക്കവെയാണ് പാഠ്യപദ്ധതിയിൽ ലഹരിവിമുക്തി സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കാൻ അദ്ദേഹം നിർദേശിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
വിദ്യാർത്ഥികളിൽ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ലഹരിവിമുക്ത ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് സർക്കാർ വ്യക്തമാക്കി.
രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മുൻനിര സംസ്ഥാനങ്ങളിലൊന്നായി മഹാരാഷ്ട്ര തുടരുകയാണെന്നും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനൊപ്പം വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മറാത്തി ഭാഷയുടെ പ്രോത്സാഹനം, സംസ്ഥാനത്തിന്റെ ചരിത്ര സംരക്ഷണം, ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്കും സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു.





