ഗുവാഹത്തി: അസമിലെ പ്രളയസ്ഥിതി ഗുരുതരമായി തുടരുന്നു. നാല് ജില്ലകളിലായി 1.12 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചുവെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ, പ്രളയബാധിത മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചം പുറത്തുവന്നതോടെ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
നിരവധി നദികൾ അപകടനിലയും കഴിഞ്ഞ് ഒഴുകുന്നതിനാൽ പുതിയ പ്രദേശങ്ങളിലേക്കും പ്രളയം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (ASDMA) ഉദ്യോഗസ്ഥർ അറിയിച്ചു.
ചാരൈഡിയോ, ഡിബ്രുഗഡ്, ജോർഹട്ട്, ശിവസാഗർ, തിൻസുകിയ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ (IMD) ഗുവാഹത്തി കേന്ദ്രം മുന്നറിയിപ്പ് നൽകി.
ജലനിരപ്പ് ഉയരുകയും തുടർച്ചയായി മഴ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രളയസ്ഥിതി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.





