Kerala News Politics

വർഗീയ വിഭജന അജണ്ടയ്ക്കെതിരെ വന്ദേ മാതരം സദസ്സ്

തൃശൂർ: ജമാഅത്തെ ഇസ്‌ലാമിയുടെയും മുസ്‌ലിം ലീഗിൻ്റെയും വർഗീയ വിഭജന അജണ്ടകൾക്കെതിരെ ജനകീയ പ്രതിരോധം ഉയർത്തിപ്പിടിച്ച് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്ദേ മാതരം സദസ്സ് സംഘടിപ്പിച്ചു. സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ദേശീയബോധവും ഉയർത്തിപ്പിടിക്കുന്ന വന്ദേ മാതരം സദസ്സ്, സമൂഹത്തിൽ വർഗീയ ധ്രുവീകരണവും വിഭജനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരായ ശക്തമായ സന്ദേശമാണെന്ന് സി. കൃഷ്ണകുമാർ പറഞ്ഞു.

രാജ്യത്തെ വിഭജിക്കാൻ രൂപീകരിക്കപ്പെട്ട മുസ്‌ലിം ലീഗിൻ്റെ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ വലതുവശത്തിരുത്തിയാണ് വി.ഡി. സതീശൻ കേരളത്തിൻ്റെ ഭരണം നയിക്കുന്നതെന്ന് കൃഷ്ണകുമാർ ആരോപിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിൻ്റെയോ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ ഭൂരിപക്ഷ തീരുമാനത്തിൻ്റെയോ അടിസ്ഥാനത്തിലല്ല സതീശൻ മുഖ്യമന്ത്രിയായത്. മുസ്‌ലിം ലീഗിൻ്റെ പ്രത്യേക രാഷ്ട്രീയ ആവശ്യപ്രകാരമാണ് അദ്ദേഹം പദവിയിലെത്തിയതെന്നും കൃഷ്ണകുമാർ ആരോപിച്ചു.

ജമാഅത്തെ ഇസ്‌ലാമിയുടെ താൽപര്യങ്ങൾ മുൻനിർത്തിയാണ് വി.ഡി. സതീശൻ കേരളത്തിൽ ഭരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വർഗീയ ധ്രുവീകരണത്തിനും സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾക്കുമെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും കൃഷ്ണകുമാർ പറഞ്ഞു.

തുടർന്ന് സദസ്സിൽ പങ്കെടുത്തവർ ദേശീയഗീതമായ ‘വന്ദേ മാതരം’ ഒരുമിച്ച് ആലപിച്ചു.

ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, സംസ്ഥാന സമിതി അംഗം എം.എസ്. സമ്പൂർണ്ണ, മേഖല ജനറൽ സെക്രട്ടറി അനീഷ് ഇയാൽ, വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് സബീഷ് മരതയൂർ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സീന ശശി എന്നിവർ സംസാരിച്ചു.

കൗൺസിലർമാരായ രഘുനാഥ് സി. മേനോൻ, കൃഷ്ണമോഹൻ, വിനോദ് കൃഷ്ണ, മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്, യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ്, എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട്, ജില്ലാ സെക്രട്ടറി മുരളി കോളങ്ങാട്ട് തുടങ്ങിയ ജില്ലാ-മണ്ഡലം ഭാരവാഹികളും നിരവധി പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *