
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സേവാ തീർത്ഥിൽ 20 ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ സിഇഒമാരുമായും സ്ഥാപകരുമായും കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സ്വകാര്യ ബഹിരാകാശ മേഖല കൈവരിക്കുന്ന വേഗത്തിലുള്ള പുരോഗതി യോഗത്തിൽ ചർച്ചയായി.
റോക്കറ്റുകൾ, പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ, ഉപഗ്രഹങ്ങൾ, നൂതന പ്രൊപ്പൽഷൻ സംവിധാനങ്ങൾ, ബഹിരാകാശ മാലിന്യ നിർമാർജനം, എ.ഐ അധിഷ്ഠിത കാലാവസ്ഥാ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളാണ് യോഗത്തിൽ പങ്കെടുത്തത്.

ബഹിരാകാശ സാങ്കേതികവിദ്യകൾ ജനജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനായി പുതിയ ഉപയോഗങ്ങൾ കണ്ടെത്തണമെന്ന് മോദി സംരംഭകരോട് ആവശ്യപ്പെട്ടു. കൃഷി, പരിസ്ഥിതി തുടങ്ങിയ മേഖലകളുമായി കൂടുതൽ സഹകരണം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ആഗോള ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള വലിയ അവസരമാണ് ഇതെന്നും ആഗോള പ്രതിഭകളെയും കമ്പനികളെയും നിക്ഷേപങ്ങളെയും ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ബഹിരാകാശ പരിസ്ഥിതി സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.




