Culture Kerala News

ഓണത്തിനെ വരവേൽക്കാൻ സജ്ജമായി ഗുരുപവനപുരി

ഓണത്തിനെ വരവേൽക്കാൻ ഗുരുവായൂർ ക്ഷേത്രവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. തിരുവോണ നാളിൽ പ്രത്യേക സജ്ജീകരണങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്.

അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട് ഒരുക്കുന്നത്. അന്ന ലക്ഷ്‌മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.
വിശേഷാൽ കാഴ്ച ശീവേലി
തിരുവോണ ദിവസം രാവിലെ കാഴ്‌ചശിവേലിക്ക് ഗജവീരൻ ബൽറാം, ബാലകൃഷ്ണൻ, ജൂനിയർ വിഷ്‌ണു ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്രസെൻ, വിനായകൻ, ചെന്താമരാക്ഷൻ രാത്രി ശീവേലിക്ക് രാജശേഖരൻ, ഗോപാലകൃഷ്‌ണൻ, ശങ്കരനാരായണൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും സംഘവും ഉച്ചകഴിഞ്ഞുള്ള ശിവേലിക്ക് ഗുരുവായൂർ ശശിമാരാരും സംഘവും മേളം ഒരുക്കും……

തിരുവോണാഘോഷത്തിന് 19.10 ലക്ഷം

2026 വർഷത്തെ തിരുവോണാഘോഷത്തിനായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി.

ദർശന നിയന്ത്രണം

ഓണനാളുകളിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് എത്തുന്ന ഭക്തർക്കെല്ലാം ദർശനം ഒരുക്കും. പൊതുവരി നിൽക്കുന്ന ഭക്തർക്കാണ് ദർശനത്തിന് മുൻഗണന. ഭക്തരുടെ സൗകര്യാർത്ഥം പൊതു അവധി ദിനങ്ങളായ ഉത്രാടം തുടങ്ങി ചതയം ദിനം വരെ (ആഗസ്റ്റ് 25 മുതൽ ആഗസ്റ്റ് 28 വരെ) രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെ സ്പെഷ്യൽ/വി ഐ പി ദർശന നിയന്ത്രണമുണ്ടാകും..

ആഗസ്റ്റ് 30 ന് 351 വിവാഹങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കാർഡ് വിവാഹങ്ങൾ നടന്ന ആഗസ്റ്റ് 23 ഞായറാഴ്‌ച നടപ്പാക്കിയ ക്രമീകരണങ്ങൾ ആഗസ്റ്റ് 30 ഞായറാഴ്‌ചയും ഏർപ്പെടുത്തും. ദർശനത്തിനും വിവാഹചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനും ഗുരുവായൂർ ദേവസ്വം സജ്ജീകരണമൊരുക്കി. ഭക്തജനങ്ങൾക്ക് സഹായമൊരുക്കാൻ കൂടുതൽ പോലീസും സേവന സജ്ജരായ ദേവസ്വം ജീവനക്കാരും മുന്നിട്ടിറങ്ങും.

സ്കൂൾ അവധിക്കാലം കൂടി ആയതിനാൽ കൂടുതൽ ഭക്തജന തിരക്ക് പ്രതീക്ഷിക്കുകയാണ്. ദർശനവും വിവാഹ ചടങ്ങുകളും ഭംഗിയായി നടത്തുന്നതിന് ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണം ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *