Culture Kerala News

ഉത്രാട കാഴ്‌ചക്കുല സമർപ്പണം നാളെ: ദേവസ്വം മന്ത്രി കെ.മുരളീധരൻ പങ്കെടുക്കും

ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരവിശേഷമായ കാഴ്ചക്കുല സമർപ്പണം നാളെ (ആഗസ്റ്റ് 25, ചൊവ്വാഴ്ച) ഭക്തിനിർഭരമായ ചടങ്ങിൽ നടക്കും.

രാവിലെ ഉത്രാട ശീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടി മരച്ചുവട്ടിലാണ് ചടങ്ങ്. ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ക്ഷേത്രം ഊരാളനും തന്ത്രിയും മറ്റു ഭരണസമിതി അംഗങ്ങളും കൊടിമര ചുവട്ടിൽ കാഴ്ച്‌ചക്കുല സമർപ്പിക്കും. ദേവസ്വം മന്ത്രി കെ. മുരളീധരനും ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.


കാഴ്ചക്കുല സമർപ്പിക്കാൻ സൗകര്യം

കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ശ്രീ ഗുരുവായൂരപ്പന് കാഴ്‌ചക്കുല സമർപ്പിക്കാനെത്തുന്നവർക്ക് മുതിർന്ന പൗരന്‌മാർക്കുള്ള ദർശന വരിയുടെ ഭാഗത്ത് സൗകര്യമൊരുക്കും.

നാളെ ദർശന നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ഉത്രാടം കാഴ്ച‌ക്കുല സമർപ്പണ ചടങ്ങ് നടക്കുന്നതിനാൽ ദർശനത്തിനുള്ള സീനിയർസിറ്റീസൺ, പ്രാദേശികം വരികൾ രാവിലെ 5.30 ന് അവസാനിപ്പിക്കും. കാഴ്‌ചക്കുല സമർപ്പണചടങ്ങിൻ്റെ സുഗമമായ നടത്തിപ്പിനാണിത്.

ഓണപ്പുടവ സമർപ്പണം

തിരുവോണ നാളിൽ (ആഗസ്റ്റ് 26, ബുധനാഴ്‌ച ) പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്‌ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലർച്ചെ നാലരയ്ക്കാണ് ശ്രീഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. ഉഷ:പൂജ വരെ ഭഗവാന് ഓണപ്പുടവ സമർപ്പിക്കാം.

തിരുവോണത്തിന് പതിനായിരം പേർക്ക് വിശേഷാൽ പ്രസാദ ഊട്ട്

തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. 2 മണി മുതൽ ബുഫേ തുടങ്ങും. കാളൻ, ഓലൻ, എരിശ്ശേരി, അവിയൽ, പഴം പ്രഥമൻ, മോര്, കായവറവ് ,പപ്പടം, അച്ചാർ, ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *