ബിഷ്‌കെക്: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) 26-ാമത് രാഷ്ട്രത്തലവന്മാരുടെ കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. എസ്‌സിഒയുടെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് ഉച്ചകോടി നടന്നത്.
സുരക്ഷ, വികസനം എന്നീ മേഖലകളിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് മോദി ആവശ്യപ്പെട്ടു. സംഘർഷങ്ങൾ യുദ്ധത്തിലൂടെ പരിഹരിക്കാനാകില്ലെന്നും സംഭാഷണവും നയതന്ത്രവുമാണ് ഏക മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യരാശിക്ക് ഗുരുതര ഭീഷണിയായ ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും മോദി പറഞ്ഞു.
ഈ വർഷം ഇന്ത്യ ആദ്യ എസ്‌സിഒ സിവിലൈസേഷൻ ഡയലോഗ് ഫോറം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാലാവസ്ഥ, ആണവസുരക്ഷ, ഊർജസംരക്ഷണം, ലഹരിവിരുദ്ധ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ 20-ലേറെ തീരുമാനങ്ങളും നാല് ധാരണാപത്രങ്ങളും ഉച്ചകോടിയിൽ അംഗീകരിച്ചിട്ടുണ്ട്.





