കാഠ്മണ്ഡു: നേപ്പാളിലെ വിനാശകരമായ പ്രളയത്തിന് പിന്നാലെ കാണാതായ പ്രിയപ്പെട്ടവരെ കണ്ടെത്താനായി ഡിഎൻഎ പരിശോധന നടത്തും. പ്രളയത്തിൽ നിന്ന് കണ്ടെടുത്ത തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഉടമകളെ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്.
പ്രളയത്തിൽ ഭാര്യയ്ക്കും നാല് വയസ്സുള്ള മകനുമൊപ്പം കാണാതായ രാജ് കുമാർ ദിയാലിയുടെ കുടുംബവും ഡിഎൻഎ ടെസ്റ്റ് നടത്താനായി കാത്തിരിക്കുകയാണ്. പ്രളയജലത്തിൽ നിന്ന് കണ്ടെത്തിയ മനുഷ്യൻ്റെ കൈ രാജ് കുമാറിൻ്റേത് പോലെയാണെന്ന് കുടുംബത്തിന് വിവരം ലഭിച്ചതോടെയാണ് ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനമായത്.
രാജ് കുമാറിൻ്റെ സഹോദരൻ അമൃത് ദിയാലിക്ക് ലഭിച്ച ചിത്രത്തിൽ കൈയുടെ രൂപം സഹോദരനോട് ഏറെ സാമ്യമുണ്ടായിരുന്നു. എന്നാൽ ശരീരം പൂർണമായി ലഭിക്കാത്തതിനാൽ കാഴ്ചയിലൂടെയോ വ്യക്തിപരമായ വസ്തുക്കളിലൂടെയോ തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
പ്രളയത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ഉറ്റവരില്ലാത്ത, തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. പല മൃതദേഹങ്ങളും ഒരുപാട് ദൂരത്തേക്ക് ഒഴുകിപ്പോയതിനാലും ദിവസങ്ങൾ കഴിയുന്തോറും കുടുംബങ്ങൾക്ക് തിരിച്ചറിയാൻ കൂടുതൽ ബുദ്ധിമുട്ടാണ്ടാവുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് കാണാതായവരുടെ ബന്ധുക്കളുടെ സാമ്പിളുകളുമായി താരതമ്യം ചെയ്യുന്നത്.
കാണാതായ പ്രിയപ്പെട്ടവർ ജീവനോടെയുണ്ടോ എന്നറിയാനുള്ള കാത്തിരിപ്പിനൊപ്പം, മരിച്ചവരാണെങ്കിൽ പോലും അവരുടെ വ്യക്തിത്വം സ്ഥിരീകരിച്ച് അന്ത്യകർമങ്ങൾ നടത്താനാകുമെന്ന പ്രതീക്ഷയാണ് ഡിഎൻഎ പരിശോധന ചെയ്യാൻ കുടുംബാംഗങ്ങൾ തയ്യാറാകുന്നത്.
2024 വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിലും സമാനമായി ഡിഎൻഎ പരിശോധനകൾ നടത്തിയിരുന്നു.





