India News

ബിഹാറിൽ പ്രളയഭീഷണി രൂക്ഷം; പട്‌നയിൽ ജലനിരപ്പുയർന്ന് ഗംഗ നദി

പട്‌ന: ബിഹാറിൽ പ്രളയ സാഹചര്യം രൂക്ഷമായി. കനത്ത മഴയ്ക്കിടെ പട്‌നയിലെ ഗാന്ധി ഘട്ടിൽ ഗംഗാനദിയിലെ ജലനിരപ്പ് ‘ഏറ്റവും ഉയർന്ന പ്രളയനില’ (Highest Flood Mark) മറികടന്നു. ശനിയാഴ്ച രാവിലെ നാല് മണിക്കൂറിനിടെ ജലനിരപ്പ് 10 സെൻ്റിമീറ്റർ ഉയർന്നതായാണ് ഔദ്യോഗിക റിപ്പോർട്ട്.

സംസ്ഥാനത്തെ 11 ജില്ലകളിലായി 10.26 ലക്ഷം പേരെ പ്രളയം ബാധിച്ചു. ഗംഗയ്ക്ക് പുറമെ ഗണ്ഡക്, കോസി, ബുഢി ഗണ്ഡക്, പുന്‍പുൻ, ഘാഘ്ര തുടങ്ങിയ നദികളും വിവിധ മേഖലകളിൽ അപകടനിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്.

സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി, പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും നേരിട്ട് നിരീക്ഷിക്കാൻ മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. ദുരിതബാധിത മേഖലകളിൽ ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി 6 എൻഡിആർഎഫ്, 27 എസ്ഡിആർഎഫ് സംഘങ്ങൾ ഉൾപ്പെടെ 33 സംഘങ്ങളെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 700 സർക്കാർ ബോട്ടുകൾ രക്ഷാപ്രവർത്തനങ്ങൾക്കും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുമായി സജ്ജമാക്കി.

ഗംഗയിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ പട്‌നയിലെയും സമീപപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ അധികൃതർ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *