
ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടം ക്ഷേത്രത്തിൽ തുടങ്ങിയതോടെ കളി ശീട്ടാക്കുന്നതിൻ്റെ ധന്യതയിലാണ് ഭക്തർ. ദിവസവും രാത്രി ക്ഷേത്രം നട അടച്ച് തൃപ്പുക കഴിയുമ്പോഴാണ് ക്ഷേത്രം വടക്കിനി മുറ്റത്ത് കൃഷ്ണനാട്ടം കളി ആരംഭിക്കുക.
ഇന്ന് 870 ഭക്തരാണ് ക്ഷേത്രത്തിൽ കൃഷ്ണനാട്ടം ശീട്ടാക്കിയിരിക്കുന്നത്.
ബാണയുദ്ധമാണ് കഥ. അഭീഷ്ടകാര്യസിദ്ധി എന്ന പ്രാർത്ഥനയിലാണ് ഭക്തർ കൃഷ്ണനാട്ടം ബാണയുദ്ധം കഥ വഴിപാട് നടത്തുന്നത്. സെപ്റ്റംബർ 13, 19, 25 തീയതികളിലാണ് ഇനി ബാണയുദ്ധം കഥ . നാളെ (സെപ്റ്റംബർ 6) കാളിയമർദ്ദനമാണ് കഥ. ചൊവ്വാഴ്ചയും വിശേഷാൽ ദിവസങ്ങളും ഒഴിച്ചാൽ ഇനി മാർച്ച് 31 വരെ ക്ഷേത്രത്തിൽ തുടർച്ചയായി കൃഷ്ണനാട്ടം കളി ഉണ്ടാകും. 3000 രൂപയാണ് നിരക്ക്. നേരിട്ട് ക്ഷേത്രം അഡ്വാൻസ് കൗണ്ടർ വഴിയും ദേവസ്വം വെബ്സൈറ്റ് (www.guruvayurdevaswom .in) വഴി ഓൺലൈനായും ഭക്തർക്ക് കൃഷ്ണനാട്ടം വഴിപാട് മുൻകൂർ ശീട്ടാക്കാം.
ബാണയുദ്ധം കൃഷ്ണനാട്ടം കളിയിൽ ശ്രീകൃഷ്ണനായി കൃഷ്ണകുമാറാണ് വേഷമണിയുന്നത്. സത്യഭാമയായി കൃഷ്ണപ്രസാദും ഗരുഡനായി രമിത്തും വേഷമണിയും. വൈശാഖാണ് മുരാസുരനായി എത്തുന്നത്. രതീഷ് നരകാസുര വേഷമാണ് ചെയ്യുന്നത്. ഘണ്ഡാകർണൻ്റെ വേഷം രഞ്ജിത്ത്, സഞ്ജുരാജ് എന്നിവർ ചെയ്യും. ശിവനായി സത്യനാഥനാണ് അരങ്ങിൽ മുന്നിലെത്തുക. ആദർശ്, കൈലാസ് നാഥ് എന്നിവർ ദിവ്യന്മാരായും വിനോദ് നാരദനായും എത്തും. നിവേദ് കൃഷ്ണ ഉഷയായും ഹരിശങ്കർ, നിവേദ് എന്നിവർ ശിവഭൂതങ്ങളായും അരങ്ങിലെത്തും.




