ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ആഗോളതലത്തിൽ എത്തിക്കുന്നതിനുള്ള മഹാ സംരംഭത്തിന് മുംബൈ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ തുടക്കമാകുന്നു. ഗുരുദേവ കൃതികളെ ആസ്പദമാക്കി തയ്യാറാക്കുന്ന ‘ശിവതം’ എന്ന ബൃഹത്തായ സാംസ്കാരിക സന്ധ്യ 2026 ഒക്ടോബർ 30-ന് അരങ്ങേറും.
ഹേമാംഗി പക്നീകർ മറാഠിയിലേക്ക് മൊഴിമാറ്റം ചെയ്ത ഗുരുദേവന്റെ സർവ്വമത പ്രാർത്ഥനയായ ‘ദൈവദശകം’, നൂറിലധികം ശബ്ദങ്ങൾ ചേർന്ന സംഗീതാർച്ചനയോടെ അവതരിപ്പിക്കും. പ്രശസ്ത നർത്തകി കലാമണ്ഡലം ഹൈമവതിയുടെ ശിക്ഷണത്തിൽ മോഹിനിയാട്ട രൂപത്തിലാണ് ദൈവദശകം വേദിയിലെത്തുന്നത്.
ഗുരുദേവന്റെ ‘ചിദംബരാഷ്ടകം’ കൃതിയെ ആസ്പദമാക്കി 250-ഓളം കലാകാരന്മാർ അണിനിരക്കുന്ന ഭരതനാട്യ ശില്പവും ചടങ്ങിൽ അരങ്ങേറും. രമ്യ കലാഷായിയാണ് ഇതിന്റെ നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ഗുരുദേവന്റെ കാവ്യങ്ങളും ദർശനങ്ങളും ലോകത്തിലെ നൂറിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് ദൃശ്യ-ശ്രവ്യ കലകളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമപ്രവർത്തകനായ ഗിരീഷ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.





