വേണുഗോപാൽ

തച്ചങ്കരിയുടെ ജയിലിലെ ഇപ്പോഴത്തെ അവസ്ഥയും അത് നമുക്ക് നൽകുന്ന പാഠവുമാണ്. 63 വയസ്സുണ്ട് ടോമിൻ ജെ തച്ചങ്കരിക്ക്. തന്റെ കരിയറിൽ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര തന്നെ അദ്ദേഹത്തിന് ചുറ്റും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഒരിക്കൽ പോലും ആരുടെയും മുമ്പിൽ കീഴടങ്ങിയിട്ടില്ല. അത്ര ശക്തനായിരുന്നു തച്ചങ്കരി തന്റെ കരിയറിലുടനീളം. 28 വർഷം കേരളത്തിലെ ശക്തനായ ഭരണാധികാരിയായി മാറിയ പിണറായി വിജയന്റെ തണലിലാണ് ക്രിമിനൽ പ്രവർത്തികൾ ചെയ്തുകൂട്ടിയതും വളഞ്ഞ വഴിയിലൂടെ നാടുനീളെ ധനം സമ്പാദിച്ചുകൂട്ടിയതും.
കേരള പോലീസിലെ ഡിജിപി പദവിയിലിരുന്ന തച്ചങ്കരി ഇന്ന് തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ നരകജീവിതം നയിക്കുകയാണ്. വാസ്തവത്തിൽ തച്ചങ്കരി ആശുപത്രി സെല്ലിൽ പോലും കഴിയേണ്ട ആളല്ല. തച്ചങ്കരിക്ക് അതിനുമാത്രം ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ സ്ലീപ് അപ്നിയ എന്ന രോഗം തനിക്കുണ്ടെന്ന തച്ചങ്കരിയുടെ വാദം ജയിൽ ഡോക്ടർ അംഗീകരിച്ചതോടെ തച്ചങ്കരി ജയിലിലെ ആശുപത്രി സെല്ലിൽ കഴിയുന്നു.
മെഡിക്കൽ കോളേജിലേക്ക് മാറ്റണം എന്ന് തച്ചങ്കരി ആവശ്യപ്പെട്ടെങ്കിലും അത് അധികാരികൾ അംഗീകരിച്ചില്ല. ജയിലിലെ ആശുപത്രി സെല്ലിൽ ഏതാണ്ട് ഇരുപത്തിയേഴോളം തടവുകാർക്കൊപ്പമാണ് തച്ചങ്കരിയുടെ വാസം.
പ്രത്യേക സൗകര്യങ്ങളൊന്നുമില്ല. തച്ചങ്കരിയും മറ്റു തടവുകാരെ പോലെ നമ്പർ പതിച്ച വെള്ള ജയിൽ വസ്ത്രം തന്നെയാണ് ധരിക്കുന്നത്. ആകപ്പാടെ കുറച്ച് സൗകര്യങ്ങൾ കൂടുതൽ ഉള്ളത് കട്ടിലുണ്ട് എന്നതാണ്. ഒപ്പം ഫാനും ലഭ്യമാണ്. പക്ഷേ ആ ആശുപത്രി സെല്ലിന് പുറത്തേക്ക് പോവുക അസാധ്യമാണ്.
ഈ ആശുപത്രി സെല്ലിൽ കഴിയാൻ കാരണം ജയിൽ സെല്ലിൽ കറന്റ് എടുക്കാനുള്ള സോക്കറ്റ് ഇല്ലാത്തതിനാൽ ഈ ശ്വാസം കൊടുക്കാനുള്ള മാസ്ക് കുത്താനുള്ള സൗകര്യം വേണ്ടതുകൊണ്ടാണ്. ഈ ആശുപത്രി സെല്ലിൽ അധികാരം ലവലേശമില്ലാതെ തടവുപുള്ളിയായി കഴിയുന്ന തച്ചങ്കരി ഇടയ്ക്കിടെ വിങ്ങിപ്പൊട്ടാറുണ്ട് എന്നാണ് ജയിലിലെ ജീവനക്കാർ പറയുന്നത്. ആർക്കും ഒരു സഹായവും ചെയ്തു കൊടുക്കാൻ കഴിയുന്നില്ല. മൊബൈൽ ഫോണോ ഇന്റർനെറ്റോ ലഭ്യമല്ലാത്തതുകൊണ്ട് പുറത്ത് നടക്കുന്നതൊന്നും അറിയാൻ കഴിയുന്നില്ല എന്ന് മാത്രമല്ല, കേസിന് ആവശ്യമായ കമ്മ്യൂണിക്കേഷൻ നടത്താൻ പോലും തച്ചങ്കരിക്ക് കഴിയുന്നില്ല. ജയിലിലേക്ക് ആർക്കും ഫോൺ വിളിക്കാൻ അനുമതിയില്ല.
എന്നാൽ തടവുപുള്ളിക്ക് ഒരു മാസം 450 രൂപയ്ക്കുള്ള ഫോൺ കോളിനുള്ള അനുമതിയുണ്ട്.
തച്ചങ്കരി അത് ഉപയോഗിക്കുന്നുണ്ട്, പക്ഷേ അത് ഉപയോഗിക്കുന്നത് കേസുമായി ബന്ധപ്പെട്ട അഭിഭാഷകരോട് സംസാരിക്കാൻ മാത്രമാണ്. ജയിൽ അധികാരികൾ ഈ ഫോൺ കേൾക്കുന്നത് കൊണ്ടുതന്നെ രഹസ്യമായി ഒരു കാര്യവും പറയാനും തച്ചങ്കരിക്ക് കഴിയുന്നില്ല. അപൂർണ്ണമായ ഓരോ ഫോൺ വിളിക്കും ശേഷം തച്ചങ്കരി പൊട്ടിപ്പൊട്ടിക്കരയാറുണ്ടെന്നാണ് ആശുപത്രി സെല്ലിൽ ചുമതലയുള്ള ഒരു ജീവനക്കാരൻ എന്നോട് പറഞ്ഞത്.
ഏറ്റവും വിചിത്രമായ സംഗതി തച്ചങ്കരിയെ കാണാൻ വളരെ കുറച്ച് അതിഥികൾ മാത്രമേ എത്തുന്നുള്ളൂ എന്നതാണ്. തച്ചങ്കരിക്ക് രണ്ട് പെൺമക്കളാണുള്ളത്, കാവ്യയും മേഘയും. രണ്ടുപേരും അമേരിക്കയിലാണ് താമസം. തച്ചങ്കരി ജയിലിലായതിനുശേഷവും രണ്ടുപേരും ജയിലിലെത്തി തച്ചങ്കരിയെ കണ്ടിട്ടില്ല. ആ രണ്ട് യുവതികളുമായി ബന്ധമുള്ള ഒരാളോട് ഞാൻ സംസാരിക്കുകയുണ്ടായി. ക്രിമിനൽ പ്രവർത്തികളിലൂടെ ചോരയുടെ മണമുള്ള അപ്പൻ സമ്പാദിച്ച ധനം തങ്ങൾക്ക് വേണ്ട എന്ന് അവർ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടത്രേ. അതുകൊണ്ട് അപ്പനുമായി അവർ ദീർഘകാലമായി ഒരു തരത്തിലുള്ള സഹകരണത്തിലുമല്ല.
ടോമിൻ തച്ചങ്കരിയും ഇത് പലരോടും വെളിപ്പെടുത്തിയിട്ടുണ്ട്. തച്ചങ്കരി സമ്പാദിച്ചുകൂട്ടിയ സ്വത്തൊന്നും മക്കൾക്ക് വേണ്ട എന്നതാണ് അവസ്ഥ.
ഭാര്യയാകട്ടെ അമ്പത്തിനാലാമത്തെ വയസ്സിൽ ക്യാൻസർ ബാധിച്ച് മരിച്ചു. തച്ചങ്കരിയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്നത് ടിസൻ തച്ചങ്കരി എന്ന സഹോദരനാണ്. ടിസന്റെ ഉടമസ്ഥാവകാശത്തിലാണ് മൂന്നാർ കാറ്ററിംഗ് കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ. തച്ചങ്കരി ജയിലിലായതിനുശേഷം ടിസൻ അമേരിക്കയിൽ നിന്നും ഇതുവരെ നാട്ടിലേക്ക് വന്നിട്ടില്ല എന്നാണ് തച്ചങ്കരി കുടുംബവുമായി ബന്ധമുള്ളവർ എന്നോട് പറഞ്ഞത്. ജയിൽ അധികാരികളും അത് സ്ഥിരീകരിച്ചു. ടോമിനുമായി ബിസിനസ് ബന്ധമുള്ള സഹോദരൻ ടിസൻ എന്തുകൊണ്ടാണ് ഇപ്പോഴും ഇങ്ങോട്ട് തിരിച്ചുവരാത്തത് എന്നത് ഒരു ചോദ്യചിഹ്നമായി മാറുന്നു.
ചിലർ പറയുന്നു നാട്ടിലെ വിസ പുതുക്കാൻ കൊടുത്തിരിക്കുന്ന സമയത്താണ് ഈ സംഭവം ഉണ്ടായത് അതുകൊണ്ട് വരാൻ കഴിയുന്നില്ല എന്ന്. തച്ചങ്കരിക്കും ടിസനും കൂടാതെ മൂന്ന് സഹോദരങ്ങൾ കൂടിയുണ്ട്. അതിലൊരാൾ അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റി പ്രൊഫസറും മറ്റു രണ്ടുപേർ ന്യൂസിലാൻഡിലുമാണ്. അവർക്ക് പണ്ടുതന്നെ തച്ചങ്കരിയുടെ ഈ കളങ്കിത ഇടപാടുകളോട് അകലം പാലിച്ച് മാറിനിൽക്കുന്നതുകൊണ്ട് അവരും ഒന്നും അന്വേഷിക്കുന്നില്ല.
ചുരുക്കിപ്പറഞ്ഞാൽ തച്ചങ്കരിയുടെ മക്കളോ സഹോദരങ്ങളോ ജയിലിലായ തച്ചങ്കരിയെ തിരിഞ്ഞുനോക്കുന്നില്ല എന്നർത്ഥം.
തച്ചങ്കരി ജയിലിലായതിനുശേഷമായിരുന്നു ജയിലിലെ ഓണാഘോഷം. ഓണാഘോഷം നടക്കുമ്പോൾ ജയിൽപ്പുള്ളികൾ എല്ലാവരും പോയി മുമ്പിൽ നിരന്നിരിക്കേണ്ടതുണ്ട്. തച്ചങ്കരി ജയിൽ അധികാരികളോട് ഒരു അപേക്ഷ വെച്ചു. ദയവായി എന്നെ ഓണാഘോഷത്തിൽ നിന്നും ഒഴിവാക്കണം. മറ്റു പ്രതികൾക്കൊപ്പം മുമ്പിൽ നിരന്നിരിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് അങ്ങനെ അപേക്ഷ വെച്ചത്. തച്ചങ്കരിയുടെ ആരോഗ്യം കണക്കിലെടുത്ത് ആ ഇളവ് ചെയ്തുകൊടുക്കാൻ ജയിൽ അധികാരികൾക്ക് കഴിഞ്ഞതുകൊണ്ട് വലിയൊരു നാണക്കേട് ഒഴിഞ്ഞുപോയി.
തച്ചങ്കരി സർവ്വീസിലിരുന്നപ്പോൾ സഹായിച്ചവർ ആരും തന്നെ തിരിഞ്ഞുനോക്കുന്നില്ല എന്നതാണ് ഏറ്റവും വിചിത്രമായ സംഗതി. തച്ചങ്കരി പറയുന്നതെല്ലാം അതേപടി ചെയ്ത് ഈ പാപത്തിൽ പങ്കുപറ്റിയവരൊക്കെ തച്ചങ്കരിയെ തള്ളിപ്പറഞ്ഞ് ശപിച്ച് മുന്നോട്ടുപോകുന്നു. ഇപ്പോൾ പുറത്തുവരുന്ന പല കുറ്റകൃത്യങ്ങളുടെയും പിന്നിൽ പല പോലീസുകാരും തച്ചങ്കരിയെ പേടിച്ച് നിന്ന് കൊടുത്തതിന്റെ കുറ്റബോധം അവർക്കുള്ളതുകൊണ്ട് അവർ പോലും തിരിഞ്ഞുനോക്കുന്നില്ല. കേസിന്റെ അവസ്ഥ എന്താണെന്ന് പോലും തച്ചങ്കരിക്ക് അറിയില്ല. നേരത്തെ അഭിഭാഷകൻ ഉറപ്പുകൊടുത്തത് ഒരാഴ്ചയ്ക്കകം ജാമ്യം കിട്ടും എന്നായിരുന്നു.
അതനുസരിച്ച് കേസ് കോടതിയിൽ എത്തിക്കാൻ അഭിഭാഷകന് കഴിഞ്ഞെങ്കിലും കേസിന്റെ വാദം പൂർത്തിയാക്കിയ ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞത് ഇത്തരം നീതി ലഭിക്കൽ ചരിത്രത്തിൽ വല്ലപ്പോഴുമാണ്, അതുകൊണ്ട് അവർ അനുഭവിക്കട്ടെ എന്നാണ്. വിധി പറയാൻ വേണ്ടി കേസ് മാറ്റിവെച്ചു ഇതുവരെ വിധി പറഞ്ഞിട്ടില്ല.
എന്ന് ആ കേസിന്റെ വിധി പറയും എന്ന് ഒരു നിശ്ചയവുമില്ല. ചുരുക്കിപ്പറഞ്ഞാൽ അനിശ്ചിതകാലത്തേക്ക് തച്ചങ്കരിക്ക് ജയിലിൽ കഴിയേണ്ട ഗതികേടാണ് സംഭവിച്ചിരിക്കുന്നത്. ജയിൽ സെല്ലിൽ ഉറക്കം നഷ്ടപ്പെട്ട തച്ചങ്കരി ഇടയ്ക്കിടെ വിങ്ങിക്കരയും. ജയിലിലെ മറ്റു പ്രതികൾക്ക് ലഭിക്കുന്ന ഭക്ഷണം തന്നെയാണ് തച്ചങ്കരിക്ക് ലഭിക്കുന്നത്. എന്ന് ജയിലിനു പുറത്തേക്കിറങ്ങുമെന്ന് അറിയാൻ കഴിയാതെ തച്ചങ്കരി അക്ഷരാർത്ഥത്തിൽ പൊട്ടിക്കരയുകയാണ്.
പക്ഷേ ഒരുപാട് വൈകിപ്പോയി. 35 വർഷം നീണ്ട തന്റെ ക്രൂരമായ ഔദ്യോഗിക ജീവിതത്തിൽ കരുണ ലവലേശമില്ലാതെ പാവപ്പെട്ട മനുഷ്യരെ ദ്രോഹിച്ചതിന്റെ ഫലം അനുഭവിച്ചു മാത്രമേ തച്ചങ്കരിക്ക് ഈ ലോകം വിട്ടുപോകാൻ കഴിയൂ. രക്ഷകാ പാപഭാരമെല്ലാം നീക്കണേ എന്ന് തച്ചങ്കരിയുടെ പ്രാർത്ഥന ദൈവം കേട്ടു. അതുകൊണ്ട് തന്നെയാണ് തച്ചങ്കരിയോട് പാപഭാരം അനുഭവിക്കാൻ പരസ്യമായി തന്നെ ദൈവം കല്പിച്ചത്. തച്ചങ്കരിയുടെ ജീവിതം നമുക്ക് ഓരോരുത്തർക്കും മാതൃകയാവണം.
നമ്മളൊക്കെ ജീവിതത്തിൽ ധനസമ്പാദനത്തിന് വേണ്ടി ഓട്ടപ്രദക്ഷിണത്തിലാണ്. കുടുംബത്തെയും കുഞ്ഞുങ്ങളെയും പോലും നോക്കാൻ പലപ്പോഴും നമുക്ക് സാധിക്കാറില്ല. കുടുംബത്തിന്റെ ബാധ്യതകൾ തീർക്കാൻ പണിയെടുക്കുന്നത് കുറ്റമൊന്നുമല്ല. പക്ഷേ ആവശ്യത്തിന് പണമുണ്ടായിട്ടും ധനത്തോട് ആർത്തി കയറി ആസക്തി കയറി നമ്മൾ മുമ്പോട്ട് പോകുമ്പോൾ ധനസമ്പാദനത്തിന് വേണ്ടി മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകൾക്ക് കൂട്ടുനിൽക്കുമ്പോൾ മുകളിൽ ഒരു അദൃശ്യശക്തിയുണ്ടെന്ന് മറന്നുപോയാൽ സംഭവിക്കുന്നത് ഇതാണ്. തച്ചങ്കരി സമ്പാദിച്ചുകൂട്ടിയ ശതകോടികളുടെ സ്വത്തുക്കൾ ആർക്കും വേണ്ടാത്ത അവസ്ഥയിൽ.
തച്ചങ്കരിയെ അറിയാവുന്ന സകല പോലീസ് ഉദ്യോഗസ്ഥരും പറയുന്നത് പാറമടകളും എസ്റ്റേറ്റുകളും അടക്കം കുറഞ്ഞത് ആയിരം കോടിയുടെയെങ്കിലും സ്വത്ത് തച്ചങ്കരിക്കുണ്ടെന്നാണ്. എറണാകുളം സിറ്റിയിലെ തമ്മനം ഭാഗത്ത് പത്തോ പതിനഞ്ചോ ഏക്കർ ഭൂമി തച്ചങ്കരിക്ക് സ്വന്തമായി ഉണ്ടത്രേ. ഒരു സെന്റിന് അമ്പതും അറുപതും ലക്ഷം രൂപയാണ് വില എന്നോർക്കണം. അതുമാത്രം നൂറുകണക്കിന് കോടിയുടെ സ്വത്തുക്കളാണ്. അങ്ങനെ കണക്കിൽ പെട്ടതും അല്ലാത്തതുമായി പതിനായിരം കോടിയിലേക്ക് സ്വത്ത് കടന്നാലും അതിശയിക്കേണ്ടതില്ല.
പക്ഷേ അറുപത്തിമൂന്നാമത്തെ വയസ്സിൽ നാലു വർഷം തടവനുഭവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു ടോമിൻ തച്ചങ്കരി. ഇനി ഇടക്കാലത്ത് ശിക്ഷ മരവിപ്പിച്ച് ജാമ്യം കിട്ടി പുറത്തേക്കിറങ്ങിയാലും സമൂഹത്തിനു മുമ്പിൽ തലയുയർത്തി നിൽക്കാൻ സാധ്യമല്ല. താനുണ്ടാക്കിയ സ്വത്തൊന്നും വിനിയോഗിക്കാനും സാധ്യമല്ല.
തച്ചങ്കരി ഉണ്ടാക്കിക്കൂട്ടിയ സ്വത്തെല്ലാം തച്ചങ്കരിയെ നോക്കി പല്ലിളിച്ചുകാട്ടി ആർക്കും വേണ്ടാതെ എവിടെയെങ്കിലുമൊക്കെയായി നശിച്ചുപോവുകയേ ഉള്ളൂ. ധനസമ്പാദനത്തിനുവേണ്ടി ആസക്തിയോടെ നിയമവിരുദ്ധ പ്രവർത്തികൾ ചെയ്യുന്നവർ മനസ്സാക്ഷിക്ക് നിരക്കാത്ത പ്രവർത്തി ചെയ്യുന്ന സകലർക്കുമുള്ള പാഠമാവണം തച്ചങ്കരിയുടെ ജീവിച്ചിരിക്കുന്ന ഈ പാഠപുസ്തകം.




