KSEB-യുടെ ₹150 കോടിയുടെ ‘per kW/kVA’ പകൽക്കൊള്ളയും വ്യാജ പ്രചാരണങ്ങളും!സ്പെസിഫിക്കേഷനുകൾ പോലുമില്ലാതെ നിരക്ക് നിശ്ചയിച്ച കൺകെട്ടുവിദ്യ; സാധാരണക്കാർക്ക് മേൽ കടുത്ത ഇരുട്ടടി!2023 ഡിസംബറിലെ ഹിയറിംഗിൽ (OP No. 36/2023) KSEB കൊണ്ടുവന്ന per kVA / per kW നിരക്കുകൾ അശാസ്ത്രീയമാണെന്ന് കണ്ട് ബഹുമാനപ്പെട്ട കമ്മീഷൻ തള്ളിക്കളഞ്ഞതാണ്. അന്ന് ആകെ അനുവദിച്ചത് നിലവിലെ കോസ്റ്റ് ഡാറ്റയിൽ വെറും 10% ഇടക്കാല വർദ്ധനവ് മാത്രമായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ആ സാങ്കേതിക പിഴവുകൾ തിരുത്തുകയോ പഠനം നടത്തുകയോ ചെയ്യാതെ, അതേ വികലമായ ഡാറ്റകൾ പൊടിതട്ടിയെടുത്ത് 2026 ഒക്ടോബർ 12 മുതൽ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ഒരുങ്ങുകയാണ് KSEB-യും റഗുലേറ്ററി കമ്മീഷനും.
സ്പെസിഫിക്കേഷൻ പോലുമില്ലാതെ നിരക്ക് നിശ്ചയിച്ച വിചിത്ര തട്ടിപ്പ്!
സാധനങ്ങളുടെ വിവരങ്ങളില്ല, പക്ഷെ നിരക്ക് വന്നു: പുതിയ കോസ്റ്റ് ഡാറ്റയിൽ ഏതൊക്കെ മെറ്റീരിയലുകളാണ് നൽകേണ്ടത്, അവയുടെ സാങ്കേതിക സ്പെസിഫിക്കേഷൻ (Specification) എന്താണ് എന്നൊന്നും വ്യക്തമാക്കിയിട്ടില്ല!
രണ്ടു മാസത്തെ ഒത്തുകളി നാടകം: മെറ്റീരിയലുകൾ സംബന്ധിച്ച് 2 മാസത്തിനകം ലൈസൻസി (KSEB) സമർപ്പിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഉപയോഗിക്കുന്ന സാമഗ്രികൾ എന്തൊക്കെയെന്ന് പോലും വ്യക്തമാക്കാതെ, മുൻകൂട്ടി എങ്ങനെയാണ് നിരക്കുകൾ തിട്ടപ്പെടുത്തിയത്?
നിലവിലെ കോസ്റ്റ് ഡാറ്റ പരിശോധിച്ചാൽ പോലും ഗുരുതരമായ അശാസ്ത്രീയതയാണ് കാണാൻ കഴിയുന്നത്:
5 kW സിംഗിൾ ഫേസിൽ അപകടകരമായ അശാസ്ത്രീയത (Annexure-1): 5 kW (22-25A) ലോഡിന് സ്റ്റാൻഡേർഡ് അല്ലാത്ത 2×2.5 sq.mm അലുമിനിയം വയറാണ് കൊടുത്തിരിക്കുന്നത്! ഇത് നാഷണൽ ഇലക്ട്രിക്കൽ കോഡ് (NEC) പ്രകാരം ഗുരുതര സുരക്ഷാ വീഴ്ചയാണ്.
10 kW മുതൽ 100 kVA വരെയുള്ള ഭീമമായ നിരക്കുകൾ (Annexures 2 to 5): 50 sq.mm, 95 sq.mm, 120 sq.mm തുടങ്ങിയ വലിയ കേബിളുകളും 100A, 200A ഫ്യൂസ് യൂണിറ്റുകളും എഴുതിച്ചേർത്ത് ₹13,600 മുതൽ ₹24,260 വരെ എസ്റ്റിമേറ്റ് ഇടുന്നു! എന്നാൽ ഇവയൊന്നും സെക്ഷൻ ഓഫീസുകളിൽ നിന്ന് നൽകാറില്ല.
- വെറും 5% പേരുടെ ബാധ്യത 95% സാധാരണക്കാരുടെ തലയിൽ!
എവിടെയോ ചിലർക്ക് പോസ്റ്റും ലൈനും വലിക്കേണ്ടി വന്ന വെറും 5% കണക്ഷനുകളുടെ നിർമ്മാണച്ചെലവ് മുഴുവൻ ‘ശരാശരി’ (Average) എന്ന പേരിൽ ഈ 95% വരുന്ന പാവപ്പെട്ട കുടുംബങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണ്.
സെക്ഷൻ 46 (Electricity Act, 2003) പ്രകാരം ന്യായമായ ചെലവ് മാത്രമേ ഈടാക്കാവൂ എന്നിരിക്കെ, വ്യാജ ശരാശരി കണക്കുകൾ കാണിച്ച് സാധാരണക്കാരിൽ നിന്ന് മാത്രം അന്യായമായി ₹73 കോടിയോളം അധികപ്പണം പിടുങ്ങുന്നു. ഫേസ് കൺവേർഷനിലൂടെ പിഴിയുന്ന ₹48 കോടിയും വാണിജ്യ സ്ലാബുകളിലെ വർദ്ധനവും കൂട്ടുമ്പോൾ സംസ്ഥാനത്ത് നടക്കുന്നത് ₹150 കോടിയുടെ പകൽക്കൊള്ളയാണ്! - പണി മുഴുവൻ ചെയ്യുന്നത് വയർമാൻമാർ; ലേബർ ചാർജ് KSEB-ക്ക്! (നിയമവിധേയ നോക്കുകൂലി)
പുതിയ നിരക്ക് പ്രകാരം മുൻകൂറായി ഭീമമായ തുക വാങ്ങിയാലും സെക്ഷൻ ഓഫീസിൽ ചെന്നാൽ “സാധനങ്ങൾ സ്റ്റോക്കില്ല” എന്ന സ്ഥിരം പല്ലവി!
ഒടുവിൽ കേബിളും ജി.ഐ വയറും ഫ്യൂസും പൈപ്പും ഉപഭോക്താവ് വീണ്ടും സ്വന്തം കൈയിൽ നിന്ന് കാശ് മുടക്കി വാങ്ങണം.
മീറ്റർ ബോർഡ് വെക്കുന്നതും, മെയിൻ fuse ഘടിപ്പിക്കുന്നതും, കേബിളുകൾ വലിക്കുന്നതുമടക്കമുള്ള അധ്വാനം മുഴുവൻ ചെയ്യുന്നത് ലൈസൻസ്ഡ് ഇലക്ട്രീഷ്യന്മാരും വയർമാൻമാരുമാണ്.
KSEB ജീവനക്കാർ വന്ന് കേവലം ഫ്യൂസ് ഘടിപ്പിക്കുകയോ മീറ്റർ വെക്കുകയോ മാത്രം ചെയ്യുമ്പോൾ, ഓരോ കണക്ഷനും ₹1,000 മുതൽ ₹3,500 വരെ ‘ലേബർ ചാർജ്’ എന്ന പേരിൽ KSEB പോക്കറ്റിലാക്കുന്നത് പച്ചയായ ‘നോക്കുകൂലി’യാണ്!
- കമ്മീഷൻ ബഹിഷ്കരണവും പ്രക്ഷോഭ പ്രഖ്യാപനവും:
വ്യക്തതയില്ലാത്ത കോസ്റ്റ് ഡാറ്റ ചൂണ്ടിക്കാട്ടി കമ്മീഷൻ ഹിയറിംഗുകളിൽ ശക്തമായി എതിർപ്പുകൾ രേഖപ്പെടുത്തിയ സംഘടനയാണ് AKLWA.
കമ്മീഷൻ ചെയർമാൻ തന്നെ തള്ളിയ ഫയൽ, ഉപഭോക്താക്കളെയും സംഘടനകളെയും അറിയിക്കാതെ പിൻവാതിലിലൂടെ അംഗീകരിച്ച റഗുലേറ്ററി കമ്മീഷന്റെ തുടർനടപടികൾ സംഘടന പൂർണ്ണമായി ബഹിഷ്കരിക്കുന്നു!
നമ്മുടെ അടിയന്തര ആവശ്യങ്ങൾ:
സാമഗ്രികളുടെ സ്പെസിഫിക്കേഷൻ പോലുമില്ലാതെ അശാസ്ത്രീയമായി നിശ്ചയിച്ച പുതിയ per kW/kVA നിരക്കുകൾ ഉടനടി റദ്ദാക്കുക!
5. സിംഗിൾ ഫേസിനും ത്രീ ഫേസിനും കുത്തനെ കൂട്ടിയ അന്യായമായ നിരക്കുകൾ പിൻവലിക്കുക!
6. ബോർഡ് നൽകാത്ത സാമഗ്രികൾക്ക് പണം ഈടാക്കുന്നതും, ഇലക്ട്രീഷ്യന്മാരുടെ അധ്വാനത്തിന് മേൽ KSEB നോക്കുകൂലി പിരിക്കുന്നതും അവസാനിപ്പിക്കുക!
ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ജനദ്രോഹ കൊള്ള ഉത്തരവ് സർക്കാർ അടിയന്തരമായി മരവിപ്പിക്കുക!
ഈ അനീതിക്കെതിരെ മുഴുവൻ ജനങ്ങളും തൊഴിലാളികളും അണിനിരക്കുക! ശക്തമായി പ്രതികരിക്കുക!





