
ഗോപേശ്വർ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത സിഖ് തീർത്ഥാടനകേന്ദ്രമായ ഹേംകുണ്ഡ് സാഹിബ് ഗുരുദ്വാര ശൈത്യകാലത്തേക്ക് അടച്ചു. ഇന്ന് നടന്ന ചടങ്ങുകളോടെയാണ് ഈ വർഷത്തെ തീർത്ഥാടന സീസണിന് സമാപനമായത്.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 15,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിലെ സമാപന പ്രാർത്ഥനകളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ള സിഖ് തീർത്ഥാടകർ പങ്കെടുത്തു. പ്രതികൂല കാലാവസ്ഥയും കടുത്ത തണുപ്പും അവഗണിച്ചായിരുന്നു ഇവരുടെ പങ്കാളിത്തം.
മേയ് മാസത്തിലാണ് ഗുരുദ്വാര തീർത്ഥാടകർക്കായി തുറന്നത്. ഈ സീസണിൽ 3.84 ലക്ഷത്തിലധികം പേർ ഇവിടെ ദർശനം നടത്തിയതായി അധികൃതർ അറിയിച്ചു.



