രാജ്യത്തെ കാർഷിക മേഖലയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും കർഷകർ നേരിടുന്ന പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം ധൻ-ധാന്യ കൃഷി യോജന (PMDDKY). ജലസേചന സൗകര്യങ്ങളുടെ കുറവ്, വായ്പ ലഭ്യതയിലെ പരിമിതികൾ, വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, കുറഞ്ഞ ഉൽപ്പാദനക്ഷമത തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന മേഖലകളുടെ വികസനത്തിനാണ് പദ്ധതി മുൻഗണന നൽകുന്നത്.
രാജ്യത്തെ 100 കാർഷിക അഭിലാഷ ജില്ലകളെ (Aspirational Agricultural Districts) കേന്ദ്രീകരിച്ചാണ് ആറുവർഷത്തെ പദ്ധതി നടപ്പാക്കുന്നത്. 2025-26 സാമ്പത്തിക വർഷം മുതൽ ആരംഭിക്കുന്ന പദ്ധതിക്ക് 2025 ജൂലൈ 16ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2025 ഒക്ടോബർ 11ന് പ്രധാനമന്ത്രി ഔദ്യോഗികമായി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഒന്നാം വാർഷികം ഈ വർഷം ഒക്ടോബർ 11ന് ആചരിക്കും.
കുറഞ്ഞ കാർഷിക ഉൽപ്പാദനക്ഷമത, കുറഞ്ഞ വിളസാന്ദ്രത, കാർഷിക വായ്പാ വിതരണത്തിലെ കുറവ് എന്നീ മൂന്ന് പ്രധാന സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലകളെ തിരഞ്ഞെടുത്തത്. ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മൊത്തം കൃഷിയിട വിസ്തൃതിയുടെയും പ്രവർത്തനത്തിലുള്ള കാർഷിക കൈവശാവകാശങ്ങളുടെയും പങ്കും ജില്ലകളുടെ തിരഞ്ഞെടുപ്പിൽ പരിഗണിച്ചു. എല്ലാ സംസ്ഥാനങ്ങളിൽനിന്നും കുറഞ്ഞത് ഒരു ജില്ലയെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ 11 മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 36 പദ്ധതികൾ, സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ, സ്വകാര്യ മേഖലയിലെ പങ്കാളിത്തം എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ജില്ലയുടെയും കാർഷിക ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനക്ഷമത, ജലസേചനം, വായ്പാ ലഭ്യത, വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ ഇതിലൂടെ ലക്ഷ്യമിടുന്നു.





