
ആദിവാസി സമൂഹത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എസ്.ടി. മോർച്ച പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ അവകാശ സംരക്ഷണ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. എസ്.ടി. മോർച്ച പീച്ചി മണ്ഡലം പ്രസിഡന്റ് അനിൽ ചന്ദ്രൻ അധ്യക്ഷത വഹിച്ച ധർണ്ണ ബിജെപി സിറ്റി ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ ഉദ്ഘാടനം ചെയ്തു.
അഞ്ചുവർഷക്കാലം റവന്യൂ മന്ത്രിയായിരുന്നിട്ടും ആദിവാസി വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് അർഹമായ പട്ടയം ലഭ്യമാക്കാൻ കഴിയാതിരുന്നത് മുൻമന്ത്രി കെ. രാജന്റെ ഭരണപരാജയമാണെന്ന് സുജയ് സേനൻ ആരോപിച്ചു. പട്ടയവിതരണത്തിന്റെ പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടും മണിയൻകിണർ, ഒളക്കര, താമരവെള്ളച്ചാൽ തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി കുടുംബങ്ങൾക്ക് യഥാർഥ പട്ടയത്തിന് പകരം വനാവകാശ രേഖകൾ മാത്രം നൽകി കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദിവാസി സമൂഹത്തിന്റെ ദീർഘകാലമായുള്ള ഭൂമിപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിൽ മുൻമന്ത്രി പരാജയപ്പെട്ടുവെന്നും ഇപ്പോൾ അതേ ജനങ്ങളുടെ പേരിൽ നിവേദനങ്ങൾ സമർപ്പിച്ച് മുതലക്കണ്ണീർ ഒഴിക്കുന്നത് വീണ്ടും അവരെ വഞ്ചിക്കുന്ന നടപടിയാണെന്നും സുജയ് സേനൻ പറഞ്ഞു. ആദിവാസി സമൂഹത്തോട് കെ. രാജൻ കടുത്ത വഞ്ചനയാണ് കാട്ടിയതെന്നും അദ്ദേഹം ആരോപിച്ചു.
ആദിവാസി കുടുംബങ്ങൾക്ക് അർഹമായ പട്ടയം ലഭ്യമാക്കുക, ഭൂമിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ ഉറപ്പാക്കുക, വനാവകാശ നിയമപ്രകാരമുള്ള അർഹമായ ആനുകൂല്യങ്ങളും രേഖകളും ലഭ്യമാക്കുക, എസ്.ടി. വിദ്യാർഥികൾക്കുള്ള ഗ്രാന്റ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ആദിവാസി ഊരുകളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
ബിജെപി പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി സിജു ആത്തുങ്കൽ, മണ്ഡലം പ്രസിഡന്റ് പ്രശാന്ത് എൻ.എച്ച്., ജില്ലാ കമ്മിറ്റി അംഗം പി.പി. ജോണി എന്നിവർ പ്രസംഗിച്ചു. ഏരിയ പ്രസിഡന്റുമാരായ പ്രവീൺ രാജു, ജയൻ പൂശേരി, രാമകൃഷ്ണൻ താണിക്കുടം, മണ്ഡലം ജനറൽ സെക്രട്ടറി അരുൺ ദിവാകരൻ, അജി പാണഞ്ചേരി, പ്രദീപ് ഞാറ്റുവെട്ടി എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.
ആദിവാസി സമൂഹത്തിന് അർഹമായ ഭൂമിയും അവകാശങ്ങളും ഉറപ്പാക്കുന്നതുവരെ ശക്തമായ ജനാധിപത്യപരമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി എസ്.ടി. മോർച്ച നേതാക്കൾ അറിയിച്ചു.




