
തൃക്കൂർ–കല്ലൂർ വില്ലേജ് ഓഫീസിൽ നിന്നും പട്ടയരേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കർഷക മോർച്ച തൃക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലൂർ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. കർഷക മോർച്ച ആമ്പല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീനിവാസൻ വെളിയത്ത് അധ്യക്ഷത വഹിച്ച ധർണ്ണ ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ സെക്രട്ടറി റീസൺ ചെവിടൻ ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി അട്ടിമറിക്കുന്ന കേരള സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾ അവസാനിപ്പിക്കണമെന്നും കടക്കെണിയിൽ അകപ്പെട്ട കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും റീസൺ ചെവിടൻ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. കർഷകരുടെ ഭൂമിയുടെ അവകാശം ഉറപ്പാക്കുന്ന പട്ടയരേഖകൾ വില്ലേജ് ഓഫീസിൽ നിന്ന് നഷ്ടപ്പെട്ടത് ഗൗരവകരമായ വിഷയമാണെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുശാന്ത് ഐനിക്കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് എ.ജി. രാജേഷ് സമാപന പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കോട്ടുകുളം, ബിജെപി ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.ബി. സന്ദീപ്, ബിജെപി തൃക്കൂർ മേഖല പ്രസിഡന്റ് അനിൽ തൃക്കൂർ, കർഷക മോർച്ച ജില്ലാ ഉപാധ്യക്ഷൻ മുരളി പാട്ടത്തിൽ, കല്ലൂർ മേഖല പ്രസിഡന്റ് സിന്ധു അശോകൻ എന്നിവർ പ്രസംഗിച്ചു.



