India Kerala News Politics

ജനാധിപത്യത്തിനെതിരെ അരാജകത്വത്തിന്റെ രാഷ്ട്രീയം; എസ്‌ഐആറിന്റെ ശരി-തെറ്റുകൾ ചർച്ച ചെയ്ത് സെമിനാർ

ജനാധിപത്യത്തിനെതിരെ അരാജകത്വത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ ‘എസ്‌ഐആറിന്റെ ശരി-തെറ്റുകൾ’ എന്ന തലക്കെട്ടിൽ തൃശൂരിൽ സെമിനാർ സംഘടിപ്പിച്ചു. അഡ്വ. സി.കെ. സജി നാരായണൻ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സെമിനാർ ഉദ്ഘാടനം ചെയ്തു.ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യൻ ജനാധിപത്യം വലിയ രീതിയിൽ മുന്നിട്ടുനിൽക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ പല പ്രസ്താവനകളും ഭാരതത്തെ തകർക്കുന്ന രീതിയിലുള്ളതാണെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു.

ജനാധിപത്യം ഭാരതീയരുടെ ഡിഎൻഎയുടെ ഭാഗമാണ്. ജനാധിപത്യം തകർക്കാൻ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലൂടെ ശ്രമിച്ചെങ്കിലും രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ അതിനെ എതിർത്ത് പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി വിദേശരാജ്യങ്ങളിൽ പോയി ഭാരതത്തിനെതിരെ പ്രസ്താവനകൾ നടത്തുകയാണ്. ലോക രാഷ്ട്രങ്ങൾ ഭാരതം എന്താണ് പറയുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് ചെയ്യുന്നതെന്നും ഉറ്റുനോക്കുമ്പോൾ, രാജ്യത്ത് കലാപം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാനാണ് രാഹുൽ ഗാന്ധിയും ഇടതുപക്ഷവും ഉൾപ്പെടുന്ന ഇന്ത്യാ മുന്നണി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എസ്‌ഐആറിലൂടെ രാജ്യത്തെ വോട്ടർപട്ടിക ശുദ്ധീകരിച്ച് ജനാധിപത്യ സംവിധാനത്തെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്യുന്നത്. മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളവരുടെയും പേരുകൾ മാത്രമാണ് എസ്‌ഐആറിലൂടെ ഒഴിവാക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ പി.കെ. കൃഷ്ണദാസ് പറഞ്ഞു.

ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസും ഇടതുപക്ഷവും അരാജകത്വത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നതെന്ന് വിഷയാവതരണം നടത്തിയ ബിജെപി സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കരൻ പറഞ്ഞു.

ജനാധിപത്യം നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണെന്ന് അധ്യക്ഷത വഹിച്ച അഡ്വ. സി.കെ. സജി നാരായണൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരക്കാരനില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദീൻ അലി അഭിപ്രായപ്പെട്ടു. രാജ്യം അപകടത്തിലാകുമ്പോൾ മറുചോദ്യം ചോദിക്കാതെ രാജ്യത്തിനൊപ്പം നിൽക്കുന്നവരാണ് ബിജെപി-സംഘ പ്രവർത്തകർ. ഇന്ദിരാഗാന്ധിയുടെ കാലത്ത് കോൺഗ്രസ് അത്തരത്തിലായിരുന്നുവെങ്കിലും ഇന്ന് കോൺഗ്രസ് ആ നിലപാടിലല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനാണ് എസ്‌ഐആർ നടപ്പാക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് മുൻ ഹൈക്കോടതി ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ പറഞ്ഞു. എസ്‌ഐആർ ഭരണഘടനാപരമായ പ്രക്രിയയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോഷ്യൽ അനലിസ്റ്റ് അഡ്വ. ആശ ഉണ്ണിത്താൻ, ബിജെപി സംസ്ഥാന സെൽ കൺവീനർ സി.വി. സജിനി, കോർപ്പറേഷൻ കൗൺസിലർ രഘുനാഥ് സി. മേനോൻ എന്നിവർ പ്രസംഗിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, എംഎസ്എംഇ സെൽ സംസ്ഥാന കോ-കൺവീനർ നിജേഷ് സി.ബി., സതീഷ് മേനോൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *