Business Economy Job Kerala News Politics

ഓട്ടോ, ടാക്സി പണിമുടക്ക് പിൻവലിച്ചു; മിനിമം ചാർജ് 50 രൂപയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന ഓട്ടോ, ടാക്സി പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി. ജോണുമായി സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ധാരണയായതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

നിലവിലെ 30 രൂപ മിനിമം ചാർജ് 50 രൂപയായി ഉയർത്തണമെന്നായിരുന്നു യൂണിയനുകളുടെ പ്രധാന ആവശ്യം. നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. നിരക്ക് പരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കാനും തീരുമാനമായി. കമ്മീഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ നിരക്ക് നിശ്ചയിക്കുക. യൂണിയൻ പ്രതിനിധികൾക്കും സംഘടനകൾക്കും കമ്മീഷനു മുന്നിൽ അഭിപ്രായങ്ങൾ അറിയിക്കാം.

2022 ഏപ്രിൽ 26നാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ, ടാക്സി നിരക്കുകൾ പരിഷ്കരിച്ചത്. പുതിയ നിരക്കുകൾ 2027 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി അറിയിച്ചു.

നിരക്ക് വർധനയ്ക്ക് പുറമെ ഡ്രൈവർമാർക്ക് വിശ്രമമുറികൾ ഒരുക്കുക, ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കുക, മഞ്ഞ നമ്പർ പ്ലേറ്റില്ലാതെ സർവീസ് നടത്തുന്ന ഇരുചക്രവാഹന ടാക്സികൾ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ പരിഗണിച്ചു. ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ഇഎസ്ഐ ഏർപ്പെടുത്തുന്ന കാര്യത്തിൽ അനുഭാവപൂർണമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിരവധി ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ ഇല്ലാതായ സാഹചര്യത്തിൽ അവ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ തൊഴിൽസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *