തൃശൂർ:അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധി പുറത്തുവരുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഉയരുന്നത് ഗൗരവമേറിയ ചോദ്യങ്ങളാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്. അഭിമന്യു വധക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ സിപിഎമ്മും അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ മുസ്ലിം ലീഗും പരസ്പര ധാരണയിലെത്തിയെന്ന ആരോപണം ഗൗരവത്തോടെ പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം പ്രവർത്തകരുടെ രക്തസാക്ഷിത്വം പോലും രാഷ്ട്രീയ വിലപേശലിനുള്ള ഉപാധിയാക്കുന്ന സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും രാഷ്ട്രീയ നിലപാട് അവരുടെ അണികൾ തന്നെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി രക്തസാക്ഷികളുടെ ഓർമ്മകളെയും നീതിക്കായുള്ള പോരാട്ടങ്ങളെയും ഉപയോഗിക്കുകയും അധികാര താൽപര്യങ്ങൾക്കായി പരസ്പരം ധാരണയിലെത്തുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തെ കേരളം തിരിച്ചറിയണം.
രക്തസാക്ഷികളുടെ ചോരയ്ക്ക് മുകളിൽ രാഷ്ട്രീയ ധാരണകൾ പണിയുന്ന ഇത്തരം രാഷ്ട്രീയ കച്ചവടങ്ങൾ അംഗീകരിക്കാനാവില്ല. നീതിയും സമാധാനവും രാഷ്ട്രീയ ഒത്തുതീർപ്പുകൾക്ക് വിട്ടുകൊടുക്കാനുള്ളതല്ലെന്നും അഡ്വ. എസ്. സുരേഷ് പറഞ്ഞു.





