
ഏഴിമല: കേരളത്തിലെ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടന്ന 2026-ലെ ശരത്കാല പരിശീലന ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് അവലോകനം ചെയ്തു.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ കോസ്റ്റ് ഗാർഡിലെയും സൗഹൃദ വിദേശ രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരടക്കമുള്ള പരിശീലകരെ രാഷ്ട്രപതി അഭിനന്ദിച്ചു. ബിരുദം നേടുന്ന പരിശീലകരിൽ നിരവധി സ്ത്രികൾ ഉണ്ടെന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണെന്നും അഭിമാനനേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.
നിശ്ചയദാർഢ്യത്തിനും ധൈര്യത്തിനും കഴിവിനും അതിരുകളില്ലെന്ന് വനിതാ പരിശീലകർ തെളിയിച്ചിരിക്കുകയാണ്. അവരുടെ നേട്ടങ്ങൾ കൂടുതൽ യുവതികൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും രാജ്യസേവനത്തിൽ വെല്ലുവിളികൾ നിറഞ്ഞ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും പ്രചോദനമാകുമെന്നും രാഷ്ട്രപതി പറഞ്ഞു.
പരസ്പരബന്ധിതമായ ഇന്നത്തെ ലോകത്ത് സമുദ്രമേഖലയ്ക്ക് വലിയ പ്രാധാന്യമാണുള്ളതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആഗോള വ്യാപാരത്തിന്റെ വലിയൊരു പങ്കും കടൽമാർഗമാണ് നടക്കുന്നത്. അതിനാൽ സമുദ്രപാതകളുടെ സുരക്ഷ രാജ്യങ്ങളുടെ സാമ്പത്തിക ക്ഷേമത്തോടും ജനങ്ങളുടെ ദൈനംദിന ജീവിതത്തോടും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
കപ്പൽഗതാഗതത്തിലുണ്ടാകുന്ന തടസ്സങ്ങൾ അവശ്യവസ്തുക്കളുടെ വിതരണത്തെ ബാധിക്കുകയും ചെലവ് വർധിപ്പിക്കുകയും സാധാരണക്കാർക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അവർ വിശദീകരിച്ചു.
കടലിലെ തങ്ങളുടെ സേവനം കരയിലെ ജനങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പരിശീലകർ ഓർക്കണമെന്നും രാഷ്ട്രപതി നിർദേശിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും ജനങ്ങളുടെ ക്ഷേമത്തിനും നാവികസേനാംഗങ്ങളുടെ സേവനം നിർണായക സംഭാവന നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.



