തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമാണെന്ന് ആരോപിച്ച് നടൻ സിദ്ധിഖ് പോലീസ് മേധാവിക്ക് പരാതി നൽകി. ഈ ആരോപണത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും സിദ്ധിഖ് ആരോപിച്ചു.
വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നതെന്നും 2018 ലെ ഒരു സംഭവത്തെ വളച്ചൊടിച്ച് ഇപ്പോൾ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു. താൻ ഒരിക്കലും നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും അവരുമായി മോശം സംഭാഷണം നടത്തിയിട്ടില്ലെന്നും സിദ്ധിഖ് വ്യക്തമാക്കി.
തനിക്കെതിരെ മാത്രമല്ല മറ്റു പതിനാല് പേർക്കെതിരേയും ഈ വ്യക്തി ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും ഇതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും സിദ്ധിഖ് ആരോപിച്ചു. തന്നെ മാത്രമല്ല ‘അമ്മ’യുടെ അന്തസ്സ് തകർക്കാനാണ് ഈ വ്യക്തി ശ്രമിക്കുന്നതെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.
ഈ ക്രിമിനൽ ഗൂഢാലോചനയ്ക്ക് പിന്നിലെ സത്യം പുറത്തു കൊണ്ടുവരണമെന്നും അതിനായി വേണ്ട നടപടി എടുക്കണമെന്നും സിദ്ധിഖ് അഭ്യർഥിച്ചു.