ലണ്ടൻ: 2050-ഓടെ ഇന്ത്യ, അമേരിക്ക, ചൈന എന്നിവ ലോകത്തെ മൂന്നു സൂപ്പർ പവറുകളായി ഉയരുമെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ. ഈ മൂന്നു രാജ്യങ്ങൾ ചേർന്ന് ഭൗമരാഷ്ട്രീയത്തിൽ വമ്പൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും, ഇത് ആഗോള നേതാക്കൾക്കായി നാവിഗേറ്റ് ചെയ്യേണ്ട ‘സങ്കീർണമായ ലോകക്രമം’ ആകുമെന്നും അദ്ദേഹം പ്രവചിച്ചു.
ദി സ്ട്രെയിറ്റ്സ് ടൈംസിനോട് സംസാരിക്കവേ, ടോണി ബ്ലെയർ 2050-ഓടേക്കുള്ള ഭാവി ലോകക്രമത്തെ കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവച്ചു. “ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ, ലോകത്തെ നിയന്ത്രിക്കുന്ന മൂന്നു സൂപ്പർ പവറുകൾ ഉണ്ടായിരിക്കും: അമേരിക്ക, ചൈന, ഒരുപക്ഷേ ഇന്ത്യ,” ബ്ലെയർ പറഞ്ഞു.
1997-2007 കാലഘട്ടത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബ്ലെയർ, ലോകത്തിലെ ഭൗമരാഷ്ട്രീയ സങ്കീർണതയും, ചൈനയുടെയും ഇന്ത്യയുടെയും വളർച്ച നിലവിലെ സഖ്യങ്ങളും നയതന്ത്ര തന്ത്രങ്ങളും പുനഃപരിശോധിക്കേണ്ട സാഹചര്യം സൃഷ്ടിക്കുമെന്നും കൂട്ടിച്ചേർത്തു.