കൊച്ചി: കേരളത്തിലെ യാത്രാ ദുരിതങ്ങൾക്ക് പരിഹാരമായി കൊടുത്ത വാക്ക് പാലിച്ച് ഇന്ത്യൻ റെയിൽവേ. കൊല്ലം-എറണാകുളം റൂട്ടിലെ യാത്രാ തിരക്ക് ഭീഷണിയായി മാറിയതിനെ തുടർന്ന് പാസഞ്ചർ ട്രെയിനുകൾ ഉടൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയിരുന്നു. ഈ വാക്ക് പ്രകാരം കൊല്ലം-എറണാകുളം റൂട്ടിൽ മെമു ട്രെയിൻ സർവീസ് അടുത്ത തിങ്കളാഴ്ച, ഒക്ടോബർ 7 മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചു.
ആഴ്ചയിൽ അഞ്ച് ദിവസം, തിങ്കൾ മുതൽ വെള്ളിവരെ മെമു ട്രെയിൻ സ്പെഷ്യൽ സർവീസ് നടത്തും. 2025 ജനുവരി 3 വരെ 73 ട്രിപ്പുകൾക്കാണ് സർവീസ്. രാവിലെ 6:15നു കൊല്ലത്തുനിന്ന് പുറപ്പെടുന്ന മെമു, 9:35ന് എറണാകുളത്ത് എത്തും. 9:50ന് എറണാകുളത്തു നിന്നും തിരിച്ച് ഉച്ചയ്ക്ക് 1:30ന് കൊല്ലത്തെത്തും. പുതിയ സർവീസ് കോട്ടയം വഴി തന്നെ നടത്തപ്പെടും.
പുതിയ മെമു സർവീസ് ആരംഭിക്കുന്നത് പാലരുവി, വേണാട് എക്സ്പ്രസുകളിലെ തിരക്കിനും വലിയ ആശ്വാസമാകും. പുനലൂർ-എറണാകുളം റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് കൂടുതൽ സർവീസുകളും തുടങ്ങും.
അതേസമയം, എറണാകുളം-ബെംഗളൂരു, താമ്പരം-കൊച്ചുവേളി റൂട്ടുകളിൽ വീക്കിലി എക്സ്പ്രസ് ട്രെയിൻ ലഭ്യമാക്കാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്.





