പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്തും ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുറന്ന് കാണിച്ചും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണം. രാവിലെ വിക്ടോറിയ കോളേജ് ജങ്ഷന്‍ മുതല്‍ മാട്ടുമാന്ത വരെയുള്ള പ്രഭാത സവാരിക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രചാരണത്തിന് തുടക്കമിട്ടത്. കല്‍പ്പാത്തി ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഒലവക്കോട് ഐശ്വര്യ നഗറില്‍ വോട്ടഭ്യര്‍ത്ഥിച്ചു. എന്‍ഡിഎ നേതൃത്വത്തിലുള്ള നഗരസഭ നടപ്പാക്കിയ വിവിധ പദ്ധതികള്‍ സ്ഥാനാര്‍ത്ഥി വിശദീകരിച്ചു.
പിന്നീട് നഗരസഭ പരിധിയില്‍ കുന്നുംപുറം ഏരിയ, സില്‍വര്‍ ലൈന്‍ ഹൗസിങ് കോളനി എന്നിവിടങ്ങളില്‍ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉച്ചയോടെ പേച്ചിയമ്മന്‍ നഗറിലും, കല്‍പ്പാത്തിയും പര്യടനം നടത്തി. നഗരസഭയില്‍ രണ്ടാം തവണ ബിജെപി പ്രതിനിധിയായി സി. കൃഷ്ണകുമാര്‍ തെരഞ്ഞെടുക്കപ്പെട്ട ഡിവിഷന്‍ കൂടിയാണ് പേച്ചിയമ്മന്‍ നഗര്‍. കല്‍പ്പാത്തിയില്‍ ആദ്യകാല പ്രവര്‍ത്തകന്‍ കെ.ജി പത്മനാഭ അയ്യരുടെ വീട്ടില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. പിന്നീട് കല്‍പ്പാത്തി രഞ്ജിനി, കൃഷ്ണ അപ്പാര്‍ട്ടുമെന്റുകളില്‍ നടന്ന കുടുംബ യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി പങ്കെടുത്തു.
ഇടത് വലത് മുന്നണികള്‍ക്ക് വലിയ തിരിച്ചടി ഉണ്ടാക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. പിന്നീട് തൊഴിലുറപ്പ് തൊഴിലാളികളെയും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. ഉച്ചക്ക് ഓണ്‍ലൈന്‍/ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തകരുമായും സ്ഥാനാര്‍ത്ഥി സംവദിച്ചു. ഉച്ചക്ക് ശേഷം കല്‍മണ്ഡപം വടക്കേമുറി, മാങ്കാവ്, മാട്ടുമന്ത, ശേഖരിപുരം, കല്ലേപ്പുള്ളി മേഖലകളില്‍ കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു. ബിജെപി ദേശീയ സമിതി അംഗം എന്‍.ശിവരാജന്‍,സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ, അഡ്വ. ജി.ജയചന്ദ്രന്‍, ശ്രീകുമാരന്‍, നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.





