ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവച്ച ‘ആപ്ദ മിത്ര’ സന്നദ്ധ സേവകരെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അഭിനന്ദിക്കുകയും, സന്നദ്ധ സേവനത്തിന് നന്ദി അറിയിക്കുകയും ചെയ്തു. വയനാട് പ്രകൃതി ദുരന്തത്തിലും തൃശ്ശൂര്‍ ജില്ലയിലെ മറ്റ് രക്ഷാപ്രവര്‍ത്തനങ്ങളിലും ജില്ലയിലെ ആപ്ദ മിത്ര പ്രവര്‍ത്തകരുടെ സേവനം മാതൃകാപരമായിരുന്നു. ജില്ലാ കളക്ടര്‍ അനുമോദന യോഗത്തില്‍ പറഞ്ഞു.
മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ജിന്‍സി ജോര്‍ജ്, ശ്രുതി. എം.എസ്, ഷെറീന എ.എസ്, വിനു വി.ഡി, അലന്‍ സെബാസ്റ്റ്യന്‍, വിനീത് ടി.എസ്, മുഹമ്മദ് അല്‍താഫ് കെ.എന്‍, ആശ പി.കെ, മുഹമ്മദ് മിദ്ലജ്, മരിയ സി.ഡി എന്നീ ആപ്ദ മിത്ര വോളണ്ടിയേഴ്സിനെ ബാഡ്ജ് ധരിപ്പിച്ച് ആദരിച്ചു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, തൃശൂര്‍ സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍ ബി. വൈശാഖ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ബാലസുബ്രഹ്‌മണ്യന്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ എ. രാധ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേയും ആഭിമുഖ്യത്തില്‍ ഫയര്‍ ആൻഡ് റെസ്‌ക്യു സേനയുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്. ദുരന്ത രഹിത ഭാവിയ്ക്ക് യുവാക്കളെ ബോധവല്‍ക്കരണത്തിലൂടെ ശക്തരാക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ ദുരന്ത ലഘുകരണ ദിനത്തിന്റെ സന്ദേശം.