India News

സർക്കാർ ജോലി: നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാർ ജോലികളിലേക്കുള്ള നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ, അത് നേരത്തെ തന്നെ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു.

നിയമന പ്രക്രിയ ആരംഭിക്കുമുമ്പ് തീരുമാനിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെ നിയമനം നടത്തണം, നിയമന പ്രക്രിയക്കു മുമ്പ് നിയമങ്ങൾ നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു. ഇടയ്ക്കു വച്ച് മാനദണ്ഡങ്ങൾ മാറ്റുക ഭരണഘടന ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

നിയമന ചട്ടങ്ങൾ ഏകപക്ഷീയമാവരുതെന്നും, അത് ഭരണഘടനയുടെ അനുച്ഛേദം 14 അനുസരിച്ചിരിക്കണമെന്നും കോടതിയുടെ നിർദ്ദേശം. സുതാര്യതയും വിവേചനമില്ലായ്മയും സർക്കാർ നിയമനങ്ങൾ നടത്തുന്നതിന് മേധാവിത്വമാകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ഋഷികേശ് റോയി, പിഎസ് നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *