Kerala News

കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക്; കേരളത്തിൽ സീപ്ലെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു, തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം: വർഷങ്ങളായി വാർത്തകളിൽ നിറഞ്ഞു നിന്ന സീപ്ലെയിൻ സർവീസ് കേരളത്തിൽ യാഥാർത്ഥ്യമാകുന്നു. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ വൻ വളർച്ചക്ക് വഴിയൊരുക്കുന്ന ഈ സർവീസ് തിങ്കളാഴ്ച തുടക്കമാകും. 11 ന് രാവിലെ 9.30ന് കൊച്ചി കെടിടിസി ബോള്ഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് നിർവഹിക്കും.

ഉഡാൻ റീജണൽ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിക്കുന്ന സീപ്ലെയിൻ സർവീസ്, കേരളത്തിലെ വിമാനത്താവളങ്ങളെയും പ്രധാന ജലാശയങ്ങളെയും തമ്മിൽ കൂടുതൽ നന്നായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഡി ഹാവ്ലാന്ഡ് കാനഡ എന്ന സീപ്ലെയിൻ തിങ്കളാഴ്ച സർവീസ് നടത്തുന്നതിനായി മാട്ടുപ്പെട്ടിയിലേക്ക് പറക്കും. മാട്ടുപ്പെട്ടി ഡാം പരിസരത്ത് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിമാനത്തിന് സ്വീകരണം നൽകും.

കഴിഞ്ഞ വർഷം തുടങ്ങിയ ഈ പദ്ധതി ടൂറിസം രംഗത്ത് വൻ പരിഷ്കാരത്തിന് വഴിയൊരുക്കുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ്‌ജെറ്റും ചേർന്നാണ് ഈ സർവീസ് നിയന്ത്രിക്കുന്നത്.

കേരളത്തിലെ വിവിധ ജലാശയങ്ങളിലാണ് വാട്ടർഡ്രോമുകൾ ഒരുക്കാനുള്ള ശ്രമം. നിലവിൽ ബോള്ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ എന്നിവിടങ്ങളും വാട്ടർഡ്രോമുകൾ സ്ഥാപിക്കുന്നതിനായി പരിഗണനയിലാണ്.

വെള്ളത്തിൽ നിന്നാണ് സീപ്ലെയിനുകളുടെ ടേക്ക് ഓഫ്, ലാന്ഡിങ് എന്നിവയുണ്ടാവുക. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 15, 20, 30 സീറ്റുകളുള്ള ചെറു വിമാനങ്ങളാണിത്.

Leave a Reply

Your email address will not be published. Required fields are marked *