Kerala News Politics

പാലക്കാട് ഇടത് സ്ഥാനാർത്ഥിയുടേതടക്കം ഇരുപതിനായിരത്തിലധികം കള്ളവോട്ടുകൾ; കള്ളവോട്ട് തടയാൻ കോടതിയെ സമീപിക്കും; സി. കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ ഇരുപതിനായിരത്തിലധികം കള്ളവോട്ടുകൾ ചേർത്തിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പിൽ ഇവരിൽ ആരെങ്കിലും വോട്ട് രേഖപ്പെടുത്തിയാൽ കോടതിയെ സമീപിക്കുമെന്നും, ഇത് സംബന്ധിച്ച മുഴുവൻ രേഖകളും കൈവശമുണ്ടെന്നും പാലക്കാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. പാലക്കാട് ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലുള്ള വോട്ടുകളാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ അധികമായി ചേർത്തതെന്നും,തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടറുടെ ഒത്താശയോടെയാണ് വോട്ടുകൾ ചേർത്തതെന്നും കൃഷ്ണ കുമാർ ആരോപിച്ചു

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി അറുപത്തിഎണ്ണായിരം കള്ള വോട്ടുകൾ കണ്ടെത്തി, എല്ലാ രേഖകളോടും കൂടി ജില്ലാ കളക്ടർക്കും, തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയതാണ്. വ്യാജ വോട്ടുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതാണ്. വ്യാജ വോട്ടുകൾ പരിശോധിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടാണ് ജില്ലാ കലക്ടർ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെ കൃത്യമായി സിപിഎം അവരുടെ ആയുധമായി ജില്ലയിൽ ഉപയോഗിക്കുകയാണ്. കൃഷ്ണകുമാർ പറഞ്ഞു

അതേ സമയം ബിജെപിക്ക് അനുകൂലമായി കിട്ടുന്ന വോട്ടുകൾ തെരഞ്ഞുപിടിച്ച് വളരെ ആസൂത്രിതമായി ഓരോ ബൂത്തുകളിൽ നിന്നും നീക്കം ചെയ്യുകയാണ് . ഇരുപത് – ഇരുപത്തഞ്ച് വോട്ടുകൾ ഓരോ ബൂത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട് .കരട് വോട്ടർ പട്ടികയിൽ ഉള്ള വോട്ടുകളാണ് ഇങ്ങിനെ നീക്കം ചെയ്തത്. ഇരുമുന്നണികളും വ്യാപകമായി കള്ളവോട്ടുകൾ ചേർക്കുകയും, ബിജെപിക്കനുകൂലമായ വോട്ടുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടുകൂടിയാണ് . കൃഷ്ണ കുമാർ ആരോപിച്ചു

സിപിഎം ഭരിക്കുന്ന കണ്ണാടി അടക്കമുള്ള പഞ്ചായത്തുകളിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർത്തിട്ടുണ്ട്. റസിഡൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ സംഘടിപ്പിച്ച്‌ വ്യാപകമായി കള്ളവോട്ട് ചേർക്കുന്ന സമയത്ത് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് എന്തുകൊണ്ട് ഇത് തടയാനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും കൃഷ്ണ കുമാർ ചോദിച്ചു.

ചുരുങ്ങിയത് ആറുമാസമെങ്കിലും ഒരു മേൽവിലാസത്തിൽ താമസിക്കുന്ന ഒരാൾക്ക് മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുകയുള്ളു എന്ന നിയമം നിലനിൽക്കെ എങ്ങിനെയാണ്, സിപിഎം സ്ഥാനാർഥി പാലക്കാട് നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചതെന്നും കൃഷ്ണകുമാർ ചോദിച്ചു.സിപിഎം സ്ഥാനാർഥി വോട്ട് ചേർത്തിരിക്കുന്ന വിലാസമായ മണപ്പുള്ളി കാവിലെ 27/484 വാടക വീട്ടിൽ താമസിക്കുന്നത് വേറെ ആളുകൾ ആണെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടെന്നും, തിരഞ്ഞെടുപ്പിന്റെ നഗ്നമായ ചട്ടലംഘനമാണ് എൽഡി എഫ് സ്ഥാനാർഥി ചെയ്തിരിക്കുന്നതെന്നും കൃഷ്ണ കുമാർ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *