കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതിഷേധിച്ച് നാളെ കോഴിക്കാട് ജില്ലയിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ 12 മണിക്കൂറാണ് ഹര്‍ത്താല്‍. അവശ്യസേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ പ്രവീൺ കുമാർ അറിയിച്ചു.
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാകുകയും, പൊലീസ് നടപടിയിലും സി.പി.എം.യുടെ അതിക്രമത്തിലും പ്രതിഷേധിച്ച് കോൺഗ്രസ്സ് ഹർത്താലിന് ആഹ്വാനം ചെയ്തതായി പറയുന്നു. ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ, കോൺഗ്രസ് പ്രവർത്തകരും സി.പി.എം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നു.
വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങള്ക്ക് നേരെ ആക്രമണം നടന്നു, ചില കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനവും നേരിട്ടു. സഹകരണ വകുപ്പിന്റെയും പൊലീസ് ഫോർസിന്റെയും പിന്തുണയോടെ കള്ളവോട്ടിംഗ് നടക്കുന്നതായി എം.കെ. രാഘവൻ എംപി ആരോപിച്ചു.
തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. രാവിലെ നടന്ന സംഘർഷത്തിന് ശേഷം, ഉച്ചയോടുകൂടി കോൺഗ്രസ് പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കോൺഗ്രസ് വിമതരും പ്രവർത്തകരും തമ്മിലും സംഘർഷം ഉണ്ടായി. പൊലീസ് ഇടപെട്ടെങ്കിലും സംഘർഷം നിയന്ത്രിക്കാനായില്ല.
വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന്റെ പുറത്താണ് കോൺഗ്രസ്-സി.പി.എം പ്രവർത്തകരുടെ സംഘർഷം ഉണ്ടായത്.





