പാലക്കാട്: വീരം, വാശി, ആവേശം… എല്ലാം നിറഞ്ഞ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനൊരുങ്ങുന്നു. ഒരുമാസത്തിലേറെ നീണ്ട പ്രചാരണം വൈകുന്നേരം ആറുമണിക്ക് പ്രൗഢഗംഭീര കൊട്ടിക്കലാശത്തോടെ സമാപിക്കും.
മുന്നണികൾ മുഴുവൻ കരുത്തുമുപയോഗിച്ച് പ്രചാരണത്തിന്റെ അവസാന ദിവസത്തെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്. മൂന്ന് മുന്നണി സ്ഥാനാർഥികളുടെയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കു. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക.
ചേലക്കരയും വയനാടും ഉപതെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതിനാൽ അവിടങ്ങളിലെ സ്ഥാനാർഥികളും പ്രചാരണത്തിന് പിന്തുണ നൽകാൻ പാലക്കാട്ടെത്തിയിട്ടുണ്ട്. എൽഡിഎഫിനായി ഡോ. പി. സരിനും, യുഡിഎഫിനായി രാഹുൽ മാങ്കൂട്ടത്തും, ബിജെപിയുടെ സി. കൃഷ്ണകുമാറുമാണ് ജനവിധി തേടുന്നത്.
ആവേശം അതിരുകടക്കാതിരിക്കാനുള്ള സുരക്ഷാ ഒരുക്കങ്ങൾ പൊലീസ് കർശനമായി നിലനിർത്തിയിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന വോട്ടെടുപ്പ് പാലക്കാട്ടെ രാഷ്ട്രീയ സമവാക്യങ്ങൾക്ക് നിർണായകമാവുമെന്ന് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.