ആലപ്പുഴ: കളർക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. 2 പേരുടെ നില ഗുരുതരമാണ്.
കളർക്കോട് ചങ്ങനാശ്ശേരി ജങ്ഷനിലാണ് അപകടം ഉണ്ടായത്. ഏഴ് യുവാക്കളാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. ഇവർ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണെന്നു പ്രാഥമിക വിവരം.
ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ബസിലേക്ക് കായംകുളം രജിസ്ട്രേഷനുള്ള കാർ ഇടിച്ചു കയറിയതോടെ കാർ പൂർണമായും തകർന്നു. യുവാക്കളെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗവും തകരാറിലായി. ബസിലുണ്ടായിരുന്ന ചിലർക്കും പരിക്കേറ്റിട്ടുണ്ട്.
രാത്രി 9.30 ഓടെ അപകടം ഉണ്ടായത്. നാട്ടുകാരടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിനിറങ്ങി പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.