കോഴിക്കോട് ഡിഎംഒയുടെ സ്ഥലംമാറ്റ തർക്കത്തിന് ഒടുവിൽ ആരോഗ്യവകുപ്പിന്റെ തീരുമാനം. ഡോ. ആശാദേവിയാണ് ഇനി കോഴിക്കോട് ഡിഎംഒ ആയി ചുമതലയേൽക്കും. ഡോ. രാജേന്ദ്രൻ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് സ്ഥലംമാറ്റം ചെയ്യും എന്ന് ആരോഗ്യവകുപ്പ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 9ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനും തീരുമാനിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചതോടെ കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവരുന്ന കസേരകളിക്കാണ് പരിഹാരമുണ്ടായിരിക്കുന്നത്.
സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കോഴിക്കോട് ഡിഎംഒ സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റുകയും ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍, രണ്ടു ദിവസത്തിന് ശേഷം കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍നിന്ന് സ്ഥലംമാറ്റത്തില്‍ സ്റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡിഎംഒ ആയി തുടര്‍ന്നു. അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രൈബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് ഓഫീസിലെത്തിയത്. എന്നാല്‍ ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രജേന്ദ്രന്‍ സ്ഥാനത്ത് തുടര്‍ന്നത്.
തർക്കം രൂക്ഷമായതോടെ ആരോഗ്യവകുപ്പ് ഇടപെട്ട് തർക്കത്തിന് തീർപ്പു കണ്ടു. ഡോ. രാജേന്ദ്രന് ഉടൻ തിരുവനന്തപുരം ഡയറക്ടറേറ്റിൽ ചുമതലയേൽക്കാനും, ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചുമതലയേൽക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.





