Culture Death Kerala

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ – കെ സുരേന്ദ്രൻ

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എം ടി കഥാവശേഷനാകുമ്പോൾ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവർത്തിയായി നിലനിൽക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും.


മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം. വള്ളുവനാടന്‍ മണ്ണില്‍ കാലൂന്നി നിന്ന് കേരളീയ സമൂഹത്തിന്റെ മോഹങ്ങളും മോഹ ഭംഗങ്ങളും ഹൃദ്യമായി ആവിഷ്‌കരിച്ച മഹാനായ കഥാകാരനാണദ്ദേഹം. നോവലുകളും ചെറുകഥകളും ഉപന്യാസങ്ങളും ബാലസാഹിത്യകൃതികളും ഓര്‍മ്മക്കുറിപ്പുകളും യാത്രാവിവരണങ്ങളും നാടകവും സിനിമകളും എല്ലാമായി മലയാള സാഹിത്യത്തിനും ഭാഷയ്ക്കും എന്നും അമൂല്യ നിധിയായി സൂക്ഷിച്ചു വെക്കാനുള്ളതാണദ്ദേഹത്തിൻ്റെ സൃഷ്ടികളെല്ലാം.

സ്വന്തമായി സാഹിത്യ സൃഷ്ടി നടത്തുമ്പോഴും നിരവധിയായ എഴുത്തുകാരെ സൃഷ്ടിച്ച മഹാനായ പത്രാധിപരുമായിരുന്നു എം ടി. കവിത എഴുതാത്ത കവി എന്നദ്ദേഹത്തെ വിളിച്ചവരുണ്ട്. മലയാള കഥയെ, നോവൽ സാഹിത്യത്തെ കവിതയുടെ ലാവണ്യ ഭംഗിയിലേക്കടുപ്പിച്ച എഴുത്തുകാരനാണ് എംടി. സ്വന്തം മണ്ണിൽ കാലൂന്നി നിന്ന് മനുഷ്യ ലോകത്തെ ആകെ ചെന്നുതൊട്ട അദ്ഭുത പ്രതിഭ. താനനുഭവിച്ച ജീവിതം നാലുകെട്ടായും കാലമായും അസുരവിത്തായുമൊക്കെ വരച്ചിടുമ്പോഴും കടുഗണ്ണാവയും മഞ്ഞും രണ്ടാ മുഴവും ഷെർലകും എല്ലാം അദ്ദേഹം നമ്മെ അനുഭവിപ്പിച്ചു. സദയം, അക്ഷരങ്ങൾ, അനുബന്ധം, പഴശ്ശിരാജ, നിർമാല്യം, ഇരുട്ടിൻ്റെ ആത്മാവ്, താഴ് വാരം, മഞ്ഞ്, കടവ് തുടങ്ങിയ സിനിമകൾ അത്ഭുതപ്പെടുത്തി. എം ടിക്കു സമനായി എംടി മാത്രമേ ഉള്ളു. എത്ര പറഞ്ഞാലും തീരാത്തത്ര വിശേഷണങ്ങൾക്കുടമയാണദ്ദേഹം. ലോകമെങ്ങുമുള്ള സാഹിത്യാസ്വാദകരുടെ ദുഃഖത്തിനൊപ്പം ചേരുന്നു. മഹാനായ എഴുത്തുകാരന് ആദരാഞ്ജലികൾ.
കെ. സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *