വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കായി ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി അനുമതി നൽകി. ഹാരിസൺ മലയാളം , എൽസ്റ്റോൺ ടീ എസ്റ്റേറ്റ് കമ്പനികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതായി ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ ബെഞ്ച് വ്യക്തമാക്കി.
നഷ്ടപരിഹാര ഉറപ്പുവരുത്തി ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ ഹൈക്കോടതി, 2013ലെ ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരം ഭൂമി ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം എന്നും നിർദ്ദേശിച്ചു. നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികൾക്ക് നീതി ലഭ്യമാക്കാൻ അവകാശമുണ്ടെന്ന് കോടതിയും വ്യക്തമാക്കി.
നാളെ മുതല്‍ ആവശ്യമെങ്കില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഇതിനാവശ്യമായ സഹായം എസ്റ്റേറ്റ് എസ്റ്റേറ്റ് ഉടമകള്‍ സര്‍ക്കാരിന് ചെയ്ത് കൊടുക്കണം. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് എസ്റ്റേറ്റ് ഉടമകള്‍ തടസ്സം നില്‍ക്കരുത്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്‍പായി തന്നെ നഷ്ടപരിഹാരം നല്‍കി എന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.





