രാത്രി സമയങ്ങളിൽ യുവ ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലിൽ കുടക്കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കിയ കേസില്‍ പ്രതിയായ മണത്തല പുത്തൻകടപ്പുറം ആലുങ്ങൽ വീട്ടിൽ അനിലൻ എന്നവര്‍ക്ക് മൂന്നര വർഷം തടവും പതിനാറായിരം രൂപ പിഴയടയ്ക്കാനും തൃശ്ശൂർ എസ് സി എസ് ടി സ്പെഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് ശിക്ഷ വിധിച്ചു.
പലപ്രാവശ്യം പരാതിക്കാരുടെ വീടിന്റെ പരിസരത്ത് അസമയ ങ്ങളിൽ പ്രതിയെ കണ്ടപ്പോൾ പരാതിക്കാരൻ CC TV ക്യാമറ സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ക്യാമറയിൽ പതിയുകയും കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്നതും കാൽപാടുകൾ ചൂലുകൊണ്ട് മാച്ചു കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നതാണ്.
കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 10 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും ഒരു തൊണ്ടിമുതലും തെളിവിലേക്കായി ഹാജരാക്കുകയും ചെയ്തു.
പിഴ തുക അടയ്ക്കുന്നപക്ഷം 10000 രൂപ കേസിലെ പരാതി ക്കാരിക്ക് നൽകാനും പിഴയടക്കാത്ത പക്ഷം രണ്ടുമാസവും 14 ദിവസം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടതാണെന്നും വിധിന്യായത്തിൽ പറയുന്നു.
ചാവക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയിരുന്ന യു.കെ.ഷാജഹാൻ രജിസ്റ്റർ ചെയ്ത കേസ് കുന്നംകുളം ഡിവൈഎസ്പി ആയിരുന്ന ടി.എസ്.സിനോജ് ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ എം.വി. രാംകിഷോർ പ്രോസിക്യൂഷൻ നടപടികളെ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.കൃഷ്ണൻ ഹാജരായി.





