Kerala News

ഇ. ശ്രീധരന്‍റെ പുതിയ അതിവേഗ റെയില്‍ നിര്‍ദേശങ്ങള്‍: 15 സ്റ്റേഷനുകള്‍, 200 കിമീ വേഗം, തുരങ്കങ്ങളും തൂണുകളും


തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ പദ്ധതിക്ക് പകരം തിരുവനന്തപുരം-കണ്ണൂര്‍ (430 കിമീ) സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് സര്‍ക്കാര്‍ സാധ്യതാ പഠനം ആരംഭിച്ചു. അതിനായുള്ള സാങ്കേതിക നിര്‍ദേശങ്ങള്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

പദ്ധതി ഭൂമിയേറ്റെടുക്കല്‍ കുറയ്ക്കുന്നതിനായി തുരങ്കങ്ങളിലൂടെയും തൂണുകളിലൂടെയും റൂട്ടുകള്‍ നിർമിക്കാനാണ് മുന്നോട്ടുവച്ചിരിക്കുന്നത്. 15 സ്റ്റേഷനുകളുള്ള ഈ പാതയിൽ പരമാവധി വേഗം 200 കിമീ/മണിക്കൂർ ആകും. ശരാശരി വേഗത 135 കിമീ/മണിക്കൂർ ആയാൽ തിരുവനന്തപുരം-കണ്ണൂർ ദൂരം 3.75 മണിക്കൂറിൽ പിന്നിടാനാകുമെന്നാണ് കണക്കുകൂട്ടൽ.

പദ്ധതിക്ക് ഏകദേശം 1 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതുവരെ റെയിൽവേയുടെ 3,4 പാതകളുടെ സാധ്യതാ പഠനം നടന്നുവരികയാണെങ്കിലും, വളവുകൾ നീക്കി വേഗം കൂട്ടൽ പ്രായോഗികമല്ല എന്നതാണ് ശ്രീധരൻ്റെ വിലയിരുത്തൽ. ഗുഡ്‌സ് ട്രെയിനുകളും യാത്രാ ട്രെയിനുകളും ഒരേ ട്രാക്കിൽ ഓടിക്കുന്നത് അപകട സാധ്യത ഉയർത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) നേരത്തെ തിരുവനന്തപുരം-കണ്ണൂർ ഹൈസ്പീഡ് പാതയുടെ ഡിപിആർ തയ്യാറാക്കിയിരുന്നു. അതേ അലൈൻമെന്റിൽ ചെറിയ മാറ്റങ്ങൾ വരുത്തി പുതിയ സെമി-ഹൈസ്പീഡ് പാത നിർമ്മിക്കാൻ കഴിയും.

കേരളത്തിന് 350 കിമീ വേഗം ആവശ്യമില്ല, പരമാവധി 200 കിമീ മതിയെന്ന് ശ്രീധരൻ അഭിപ്രായപ്പെട്ടു. ഭാവിയിൽ ചെന്നൈ-ബംഗളൂരു-കോയമ്പത്തൂർ ഹൈസ്പീഡ് പാതയുമായി ഈ പദ്ധതി ബന്ധിപ്പിക്കാനാണ് ലക്ഷ്യം.

പദ്ധതി കെ-റെയിലിന് നൽകേണ്ടതല്ല, ഡിഎംആർസിയെയാണ് ഡിപിആർ തയ്യാറാക്കാനും നിർമാണം കൈകാര്യം ചെയ്യാനുമുള്ള ഉത്തരവാദിത്വം ഏല്പിക്കേണ്ടത്. എട്ടുമാസത്തിനകം ഡിപിആർ തയ്യാറാക്കാം, അഞ്ച് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാമെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *