India News

പ്രകൃതിക്ഷോഭം: അഞ്ചു സംസ്ഥാനങ്ങള്‍ക്ക് 1554.99 കോടി കേന്ദ്ര സഹായം, പട്ടികയില്‍ കേരളമില്ല

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പ്രകൃതിക്ഷോഭം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധിക ധനസഹായം അനുവദിച്ചു. എന്നാല്‍ ഇതിലും കേരളത്തെ തഴഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റി ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ്, ഒഡീഷ, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കായി 1554.99 കോടി രൂപ അനുവദിച്ചു.

2024-ല്‍ വെള്ളപ്പൊക്കം, മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ് എന്നിവ ബാധിച്ച ഈ സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ദുരന്ത പ്രതികരണ നിധി (NDRF) യില്‍ നിന്നു സഹായം ലഭിച്ചത്.

അനുവദിച്ച ധനസഹായം:

ആന്ധ്രപ്രദേശ് – ₹608.08 കോടി
നാഗാലാന്‍ഡ് – ₹170.99 കോടി
ഒഡീഷ – ₹255.24 കോടി
തെലങ്കാന – ₹231.75 കോടി
ത്രിപുര – ₹288.93 കോടി
ദുരന്തബാധിതരായ ജനങ്ങളെ പിന്തുണയ്ക്കുന്നതില്‍ മോദി സര്‍ക്കാര്‍ പാറപോലെ ഉറച്ച നിലപാടാണ് സ്വീകരിച്ചതെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു.

ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് (SDRF) 27 സംസ്ഥാനങ്ങള്‍ക്ക് ₹18,322.80 കോടി കേന്ദ്രം അനുവദിച്ചിരുന്നു. അതിന് പുറമേയാണ് അഞ്ചു സംസ്ഥാനങ്ങള്‍ക്ക് അധിക സഹായം നല്‍കിയിരിക്കുന്നത്.

കൂടാതെ, NDRF വഴി 18 സംസ്ഥാനങ്ങള്‍ക്ക് ₹4808.30 കോടി, SDMF വഴി 14 സംസ്ഥാനങ്ങള്‍ക്ക് ₹2208.55 കോടി, NDMF വഴി 8 സംസ്ഥാനങ്ങള്‍ക്ക് ₹719.72 കോടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *