Kerala News

ശബരിമലയിൽ പുതിയ ക്രമീകരണം; ദേവസ്വം ബോർഡിന്റെ അനുമതി

ശബരിമല: ശബരിമലയിൽ പതിനെട്ടാംപടി കയറിയെത്തുന്ന തീർഥാടകർ ഇനി മുതൽ കൊടിമരച്ചുവട്ടിൽ നിന്ന് ബലിക്കൽപ്പുര വഴി നേരേ അയ്യപ്പദർശനം നടത്താനാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ച പുതിയ ക്രമീകരണം മീനമാസ പൂജയ്ക്കായി നടതുറക്കുന്ന മാർച്ച് 14 മുതൽ പ്രായോഗികമാകും.

നിലവിൽ കൊടിമരച്ചുവട്ടിൽ നിന്ന് ഫ്ലൈഓവറിലൂടെ കടത്തിവിട്ട് ദർശനം നൽകുന്ന രീതി മാറ്റിക്കൊണ്ടാണ് പുതിയ പദ്ധതി. ദേവസ്വം മന്ത്രി വിഎൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാർ, ശബരിമലയുടെ ചുമതലയുള്ള പോലീസ് മേധാവി എസ് ശ്രീജിത്, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ മാറ്റം വിലയിരുത്തും.

പതിനെട്ടാംപടി കയറുന്ന തീർഥാടകർക്ക് ശ്രീകോവിലിനു സമീപം എത്തുന്നതിനുമുമ്പ് അരമിനിറ്റിനകം അയ്യപ്പദർശനം സാധ്യമാക്കുന്നതാണ് പുതിയ ക്രമീകരണം. ഫ്ലൈഓവർ തൽക്കാലം പൊളിക്കില്ല, എന്നാൽ അടിയന്തര ഘട്ടങ്ങളിൽ ഇതുവഴിയും തീർഥാടകരെ കടത്തിവിടും. മേലേതിരുമുറ്റത്ത് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമാണങ്ങൾ പൂർത്തിയാകുമ്പോൾ ഫ്ലൈഓവർ നീക്കം ചെയ്യാനാണ് തീരുമാനം.

വിഷുവിനുമുമ്പായി ക്രമീകരണങ്ങൾ പൂർത്തിയാക്കാനാണ് ദേവസ്വം ബോർഡിന്റെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *