Kerala News

വ്രതാനുഷ്ഠാനങ്ങളോടെ ആലുവ മണപ്പുറത്ത് പിതൃബലി

കൊച്ചി: കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രി മഹോത്സവം. ഉപവാസവും ജാഗരണവും ഉൾക്കൊള്ളുന്ന അനുഷ്ഠാനങ്ങളോടെയാണ് വിശ്വാസികൾ ശിവരാത്രി ആചരിക്കുന്നത്. ശിവരാത്രി ദിനത്തിൽ പിതൃമോക്ഷം തേടി ആയിരങ്ങൾ പിതൃതർപ്പണം നടത്തി.

കേരളത്തിൽ പ്രധാനമായും ആലുവ മണപ്പുറത്താണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. ബുധനാഴ്ച രാത്രി 10 മുതൽ ആരംഭിച്ച ബലി കർമങ്ങൾ വ്യാഴാഴ്ച രാവിലെ വരെ തുടരും. ഇത്തവണ ആലുവ മണപ്പുറത്ത് 116 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. ഏഴ് ലക്ഷം തീർഥാടകരാണ് ബലിതർപ്പണത്തിനായി എത്തുമെന്നാണു പ്രതീക്ഷ.

ജനത്തിരക്കിനെ മുൻനിർത്തി ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 1500 പൊലീസുകാരെ വിന്യസിച്ചതിനു പുറമേ, മുഴുവൻ സമയ കൺട്രോൾ റൂം, വാച്ച് ടവർ എന്നിവയും പ്രവർത്തനക്ഷമമാക്കി. കൂടാതെ, നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനാ അംഗങ്ങളും മണപ്പുറത്ത് സന്നദ്ധരാണ്.

Leave a Reply

Your email address will not be published. Required fields are marked *