International News

സൗദി അരാംകോ റിഫൈനറിയിൽ ഡ്രോണ്‍ ആക്രമണശ്രമം; രണ്ട് ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തി

റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണശ്രമം നടന്നതായി സ്ഥിരീകരണം. ദമ്മാമിന് സമീപമുള്ള റാസ് തനൂറയിലെ എണ്ണശുദ്ധീകരണശാല ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ പ്രതിരോധസേന ആകാശത്തുവെച്ച് വെടിവെച്ച് വീഴ്ത്തിയതായാണ് വിവരം. ആക്രമണശ്രമത്തെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്ലാന്റ് താൽക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രതിദിനം അര ദശലക്ഷത്തിലധികം ബാരല്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരണ ശേഷിയുള്ള റാസ് തനൂറ പ്ലാന്റ് ആഗോള എണ്ണവിതരണ ശൃംഖലയിലെ പ്രധാന കേന്ദ്രമാണ്. സംഭവത്തിന് പിന്നാലെ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. എണ്ണ ഉല്‍പാദനത്തിലും വിതരണത്തിലും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കമ്പനി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *