കേരളം ക്രിമിനലുകളുടെയും ലഹരിമാഫിയകളുടേയും സ്വന്തം നാടായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വെഞ്ഞാറമൂടിൽ നടന്ന അരുംകൊലകൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗത്തും ഇത്തരം ക്രൂരമായ കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ക്രമസമാധാന നില പൂർണമായും തകർന്ന് തരിപ്പണമായിരിക്കുകയാണ്. ആഭ്യന്തരവകുപ്പിൻ്റെ പരാജയമാണ് കേരളത്തിൽ അക്രമസംഭവങ്ങൾ വർദ്ധിക്കാൻ കാരണം. പൊലീസ് നിഷ്ക്രിയമാവുകയും ക്രിമിനലുകൾ യഥേഷ്ടം വിഹരിക്കുകയും ചെയ്യുകയാണ്. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഹരി – കൊട്ടേഷൻ മാഫിയകളുമായുള്ള ബന്ധം കുപ്രസിദ്ധമാണ്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യമാണ്. കേരളം ഭ്രാന്താലയമായി മാറാതിരിക്കാൻ അഭ്യന്തരവകുപ്പ് പിരിച്ചുവിടണം. ആഭ്യന്തരമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ പൂർണ പരാജയമാണെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.





