Kerala News

ക്ഷേത്രോത്സവങ്ങളിൽ ആനയ്ക്കു പകരം രഥം; നാസിക്‌ഡോൾ, ഡിജെ, ലേസർഷോ നിരോധിച്ചു – തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്രോത്സവങ്ങൾക്കിടെ ആനയിടഞ്ഞ് മരണങ്ങൾ ആവർത്തിക്കുന്നതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്സവനയത്തിൽ മാറ്റം വരുത്തുന്നു. എഴുന്നള്ളത്തിന് ആനയ്ക്കു പകരം രഥം ഉപയോഗിക്കാൻ നിർദേശിച്ച ദേവസ്വം ബോർഡ്, ഉത്സവഘോഷയാത്രയിൽ ഡിജെ, നാസിക്‌ഡോൾ, ലേസർഷോ എന്നിവയ്ക്കും നിരോധനം പ്രഖ്യാപിച്ചു.

ആചാരപരമായ ചടങ്ങുകളിൽ മാത്രം ആനയെ ഉപയോഗിക്കാനുള്ള നിർദ്ദേശം നൽകുന്നതായും പള്ളിവേട്ട, ആറാട്ട് പോലുള്ള ചടങ്ങുകൾക്ക് മാത്രമായി ആനയെ ചുരുക്കാനാണ് തീരുമാനം എന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

ആനയ്ക്ക് പ്രകോപനമുണ്ടാക്കുന്ന തരത്തിൽ ഡിജേയും നാസിക്‌ഡോളും ലേസർഷോയുമൊക്കെയുളള ഘോഷയാത്രകൾ അതീവ അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. ദേവരഥം ഉപയോഗിച്ച് ഉത്സവങ്ങൾ സംഘടിപ്പിക്കാമെന്നതിൽ യോഗക്ഷേമസഭയും അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്.

തന്ത്രിമാരുടെ യോഗം ഉടൻ വിളിച്ചുചേർക്കുകയും ശീവേലി എഴുന്നെള്ളത്തിന് ആന ഉപയോഗിക്കുന്നത് തുടരണോ എന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *