തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. ഇന്ന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. 10.15 ന് അടുപ്പുവെട്ട് നടക്കും, ഉച്ചയ്ക്ക് 1.15 ന് നിവേദ്യം അർപ്പിക്കും.
ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്. അതേസമയം, സ്മാർട്ട് സിറ്റി പദ്ധതിയിലുള്ള ടൈൽ പാകിയ സ്ഥലങ്ങളിൽ അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ നിർദേശിച്ചിട്ടുണ്ട്. കൊടുംവേനലിനെ പരിഗണിച്ച് അകലം പാലിച്ച് അടുപ്പുകൾ കൂട്ടണമെന്നും നിർദ്ദേശമുണ്ട്.
ഭക്തജനങ്ങൾക്കും സന്ദർശകർക്കുമായി കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഗതാഗത നിയന്ത്രണം ഇന്നലെ ഉച്ച മുതൽ ആരംഭിച്ചിട്ടുണ്ട്.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്പാദനത്തിന് കാരണവുമാകുന്ന ഉല്പന്നങ്ങള്‍ ഒഴിവാക്കുന്നതിനും പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.





