കൊച്ചി: ഗതാഗത സൗകര്യമില്ലാത്ത 503 പുതിയ റൂട്ടുകളിൽ മിനി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. എംഎൽഎമാരുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം നടത്തിയ ജനകീയ സദസിലൂടെ നിരവധി പുതിയ റൂട്ടുകൾ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ലൈസൻസ് സംവിധാനം അടിസ്ഥാനമാക്കി ഒരു റൂട്ടിൽ മിനിമം രണ്ട് ബസുകൾ അനുവദിക്കും. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഈ റൂട്ടുകളിൽ സർവീസ് നടത്തും. 25 ലക്ഷം രൂപ വരെയുള്ള ചെറുബസുകൾക്ക് പെർമിറ്റ് നൽകും. സ്ത്രീകൾ ഉൾപ്പെടെ 2,000 പേർക്കെങ്കിലും തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് ഈ നീക്കമെന്ന് ഗണേഷ് കുമാർ പറഞ്ഞു.
ഏപ്രിൽ മുതൽ കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിലിറക്കും. 36 ആഡംബര എസി സ്ലീപ്പർ ബസുകൾ അന്തർസംസ്ഥാന റൂട്ടുകളിൽ വിന്യസിക്കും. കൂടാതെ, ലോക്കൽ ബസുകളിലും പുതുമകൾ കൊണ്ടുവരും. മ്യൂസിക് സിസ്റ്റം പോലുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയതിലൂടെ യാത്രക്കാർക്ക് കൂടുതൽ ആകർഷകമായ അനുഭവം ഒരുക്കാനാണ് പദ്ധതി.
പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകളും മൂന്നാറിലെ ഡബിൾ ഡക്കർ ബസും വലിയ വരുമാനം നേടുന്നുണ്ടെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. പാലക്കാട്-കോട്ടയം-തിരുവനന്തപുരം റൂട്ടിലെ സൂപ്പർ ഫാസ്റ്റ് ബസുകൾ പ്രതിദിനം 10,000 രൂപ ലാഭം നേടുമ്പോൾ, മൂന്നാറിലെ ഡബിൾ ഡക്കർ ബസ് സർവീസ് മാസവരുമാനം 13.3 ലക്ഷം രൂപയിലെത്തിയിട്ടുണ്ട്.