രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് എ എ റഹീം എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി ശ്രീമതി സാവിത്രി താക്കൂർ പറഞ്ഞു.
ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികൾക്ക് 32 എന്ന നിലയിലാണ്. എന്നാൽ കേരളത്തിൽ ആയിരം കുട്ടികൾക്ക് എട്ടു കുട്ടികൾ എന്ന നിലയിലാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിൽ 51 ഉത്തർപ്രദേശിൽ 43 രാജസ്ഥാൻ 40 ഛത്തീസ്ഗഡ് 41 ഒഡീഷ 39 ആസാം 40 എന്നിങ്ങനെയാണ് ശിശു മരണനിരക്കുകൾ.
കാലാകാലങ്ങളായി ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടർച്ചയാണ് ഈ നേട്ടം. സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചു കൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്രസർക്കാറിന്റെ ഈ കണക്കുകൾ എന്ന് എ എ റഹീം എംപി അഭിപ്രായപ്പെട്ടു.





