ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം “എംപുരാൻ” റിലീസിന് മുന്നോടിയായി റെക്കോർഡുകൾ തകർക്കുന്നു. അഡ്വാൻസ് ബുക്കിങ്ങ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രം ആയി എംപുരാൻ മാറി.
വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ടിക്കറ്റ് ബുക്കിങ് ഒറ്റ നിമിഷംകൊണ്ടുതന്നെ വലിയ ആവേശമാകുകയായിരുന്നു. ബുക്ക് മൈ ഷോ അടക്കമുള്ള ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമുകളിൽ ആരാധകരുടെ ഒഴുക്ക് പെരുകിയപ്പോൾ, 96,140 ടിക്കറ്റുകൾ വെറും ഒരു മണിക്കൂറിനുള്ളിൽ വിറ്റഴിക്കപ്പെട്ടു. ഇതോടെ, വിജയ്‌യുടെ “ലിയോ”, അല്ലു അർജുന്റെ “പുഷ്പ 2” എന്നിവയുടെ റെക്കോർഡുകൾ തകർന്നു.
അടുത്തിടെയുണ്ടായ ട്രെയിലർ റിലീസ് വലിയ ഹിറ്റാകുകയും ടിക്കറ്റിനായി ആരാധകർ ബുക്കിങ് സൈറ്റുകൾ കീഴടക്കുകയും ചെയ്തതോടെ, ബുക്ക് മൈ ഷോയുടെ സെർവർ പോലും തകരാറിലായി.
ഇതിനോടകം 12 കോടി രൂപയുടെ അഡ്വാൻസ് ബുക്കിങ്ങ് ലോകമെമ്പാടും നടന്നുകഴിഞ്ഞു. മലയാള സിനിമാ ചരിത്രത്തിൽ ഇത്രയും വലിയ ഓപ്പണിങ് ബുക്കിങ് നേടിയ ആദ്യ ചിത്രം കൂടിയാണിത്. പ്രദർശനം ആരംഭിക്കുന്ന ആദ്യ ദിവസത്തിൽ 40-50 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ കൈവരിച്ചേക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
മാർച്ച് 27-ന് രാവിലെ 6 മണിക്ക് സിനിമ തിയേറ്ററുകളിലെത്തുമ്പോൾ, മലയാള സിനിമയുടെ ചരിത്രം വീണ്ടും എഴുതപ്പെടുമോ എന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.





