Kerala News

തൃശ്ശൂർ കോർപ്പറേഷൻ ബഡ്ജറ്റ്:തികച്ചും ജനദ്രോഹപരവും വഞ്ചനാപരവുമെന്ന് ബിജെപി.

തൃശ്ശൂർ കോർപ്പറേഷൻ അവതരിപ്പിച്ച 2025-26 വർഷത്തെ ബഡ്ജറ്റ് ജനദ്രോഹപരവും വഞ്ചന നിറഞ്ഞതുമാണെന്ന് BJP തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്. നികുതികൾ എല്ലാം ക്രമാതീതമായി വർദ്ധിപ്പിച്ചു നിയമലംഘനത്തിലൂടെ മൂന്നുവർഷത്തിൽ കൂടുതലുള്ള നികുതി പിരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കി.ഒരു രേഖയുമില്ലാതെ തോന്നുംപടിയാണ് എല്ലാ വിധ നികുതികളും ഇരിക്കുന്നത്.

തൃശ്ശൂർ കോർപ്പറേഷൻ ബഡ്ജറ്റ് കഴിഞ്ഞ വർഷത്തെ ഫോട്ടോകോപ്പി മാത്രമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. കഴിഞ്ഞവർഷം ബജറ്റിൽ അവതരിപ്പിച്ച വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടപ്പായില്ല. കേന്ദ്രസർക്കാറിന്റെ അമൃത് ഫണ്ട് വരെ ലാപ്സ് ആയി. റോഡുകളുടെ ശോചനീയാവസ്ഥ നിത്യക്കാഴ്ചയാണ്.മാലിന്യ നിർമാർജനം സമ്പൂർണ പരാജയമാണ്. എല്ലാ മാലിന്യ പ്ലാന്റുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കുടിവെള്ള പദ്ധതിക്കായി അമൃത് ഫണ്ടിന്റെ കോടികൾ ചെലവഴിച്ചിട്ടും കോർപ്പറേഷൻ പരിധിയിൽ ജലക്ഷാമം രൂക്ഷവും കിട്ടുന്ന ജലം മാലിന്യം നിറഞ്ഞതുമാണ്. തെരുവുവിളക്കുകൾ യഥാസമയം കത്തിക്കുന്നതിനുള്ള സംവിധാനം പോലും തൃശൂർ കോർപ്പറേഷനില്ല. നടപ്പാക്കാൻ പറ്റാത്തപദ്ധതികൾ പ്രഖ്യാപിച്ച് തൃശ്ശൂർ ജനതയെ വഞ്ചിക്കുകയാണ് ഇടതുപക്ഷ കോർപ്പറേഷൻ ഭരണസമിതി ചെയ്യുന്നതെന്നും ബിജെപി തൃശ്ശൂർ സിറ്റി ജില്ലപ്രസിഡൻറ് ജസ്റ്റിൻ ജേക്കബ് കുറ്റപ്പെടുത്തി. എം ജി റോഡിന്റെ വികസനം ഇന്നും ദിവാസ്വപ്നം മാത്രമാണ്.

നഗരത്തിലെ പ്രധാന ജംഗ്ഷനുകളുടെ എല്ലാം വികസനം സാധ്യമാക്കും എന്നു പറഞ്ഞത് പാഴ് വാക്കായി. അനേകം ഫ്ലൈ ഓവറുകൾ ഇപ്പോഴും പദ്ധതി രേഖയായി മാത്രം നിലനിൽക്കുന്നു. ഇത്രയും കെടുകാര്യസ്ഥതയുള്ള ഭരണം ഇടതുപക്ഷത്തിന് മാത്രമേ നടത്താനാവൂ എന്നും അഴിമതിയുടെ കൂത്തരങ്ങായി തൃശ്ശൂർ കോർപ്പറേഷൻ ഭരണം മാറി എന്നും ജസ്റ്റിൻ ജേക്കബ് അഭിപ്രായപ്പെട്ടു.ബഡ്ജറ്റിലെ 90% വികസന പ്രവർത്തങ്ങളും കേന്ദ്ര സഹായത്തോടെയുള്ളവ മാത്രമാണ്. കേന്ദ്രത്തിന്റെ ഫണ്ട്‌ കൊണ്ട് സ്വന്തം പേരിലാക്കിയ പദ്ധതികൾ മാത്രമാണ് ബഡ്ജറ്റിലുള്ളത്. തൃശ്ശൂർ കോർപ്പറേഷൻ്റെ ജനവിരുദ്ധബജറ്റിനെതിരെ ഇന്ന് രാവിലെ 11 മണിക്ക് തൃശൂർ കോർപ്പറേഷൻ ഓഫീസിലേക്ക് ബഹുജന പ്രതിഷേധ ധർണ്ണ നടത്തുമെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *