കൊടുങ്ങല്ലൂര്‍ പടി. വെമ്പല്ലൂര്‍ ശങ്കുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 2012 ഫെബ്രുവരി 7ന് കാവടി ഉത്സവത്തിൽ ഉണ്ടായ വഴക്കിന്റെ വൈരാഗ്യത്താൽ 2012ഫെബ്രുവരി 11 ന് രാത്രി 10.30ന് ശംഖുബസ്സാറിൽ വച്ച് ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തി കൊലപെടുത്തിയ കേസില്‍ ഒന്നും, രണ്ടും പ്രതികളായ കുടിലിങ്ങ ബസാര്‍ ദേശം പടിഞ്ഞാറെ വെമ്പല്ലൂര്‍ വില്ലേജ് പുളിപ്പറമ്പില്‍ വീട്ടില്‍ ശശിധരന്‍ മകന്‍ രശ്മിത് @ മിട്ടു (36 വയസ് ), ശംഖു ബസാര്‍ ദേശം പടിഞ്ഞാറെ വെമ്പല്ലൂര്‍ വില്ലേജ് ചളളിയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ ദേവൻ (37 വയസ് ), എന്നിവരെ ഇരട്ട ജീവപര്യന്തം കഠിന തടവിനും, 4 ലക്ഷം രൂപ വീതം പിഴയടക്കുന്നതിനും തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷ വിധിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 302 നു പുറമെ 341, 34 വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷിച്ചത്.
മതിലകം പോലീസ് കേസ് രജിസ്റ്റർ ചെയ്തു സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.കെ.പത്മരാജന്‍ ആദ്യ അന്വേഷണം നടത്തിയിരുന്നു. തുടർന്നുള്ള അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് ചാർജ് കൊടുത്തത് അന്നത്തെ കൊടുങ്ങല്ലൂർ ഇൻസ്‌പെക്ടർ ആയിരുന്ന വി.എസ്. നവാസ് ആണ്. അന്വേഷണത്തിൽ എ.എസ് ഐ ജഗദീഷ് P H, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. സി. ശിവന്‍ എന്നിവർ സഹായികളായിരുന്നു. സിവില്‍ പോലീസ് ഓഫീസറായ അജീഷ്.പി.എ. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 24 സാക്ഷികളെ വിസ്തരിക്കുകയും, 45 രേഖകളും, 37 മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രതികൾക്കുള്ള വൈരാഗ്യം മൂലമാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് തെളിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. കേസിലെ ദൃക്സാക്ഷിയുടെ മൊഴി കൂടാതെ പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും കേസിലെ നിര്‍ണ്ണായകരേഖകളായി.
കേസില്‍ സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയകുമാര്‍ കോടതിയിൽ ഹാജരായി.





